വീട്ടമ്മയെ ഇടിച്ചിട്ട് മുങ്ങിയ ബൈക്ക് യാത്രക്കാരൻ രണ്ടു മാസത്തിനുശേഷം പിടിയിൽ
text_fieldsറാന്നി: വീട്ടമ്മയെ ഇടിച്ചിട്ടശേഷം നിർത്താതെപോയ ബൈക്ക് യാത്രക്കാരനെ രണ്ടുമാസം നീണ്ട നാടകീയ അന്വേഷണത്തിനൊടുവിൽ പിടികൂടി റാന്നി പൊലീസ്.മലയാലപ്പുഴ ചീങ്കൽ തടം ചെറാടി തെക്കേചരുവിൽ സി.ആർ. രാഹുലാണ് (26) പിടിയിലായത്. ജനുവരി 31ന് രാവിലെ പുനലൂർ -മൂവാറ്റുപുഴ പാതയിൽ ഇട്ടിയപ്പാറയിലാണ് രാഹുലിന്റെ ബൈക്ക് വൺവേ തെറ്റിച്ച് വന്ന് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മറിയാമ്മ (57)യെയാണ് ഇടിച്ചുതെറിപ്പിച്ചത്.
വലതുകാലിന്റെ അസ്ഥിക്ക് അഞ്ച് പൊട്ടലുണ്ടായ വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാനോ, സംഭവം പൊലീസിൽ അറിയിക്കാനോ ശ്രമിക്കാതെ രാഹുൽ അപകട സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ മറിയാമ്മയുടെ മകന്റെ പരാതിയിലാണ് റാന്നി പൊലീസ് കേസെടുത്തത്. തുടർന്ന് എസ്.ഐ ശ്രീജിത്ത് ജനാർദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജാഗ്രതയോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
ഇട്ടിയപ്പാറ, പെരുമ്പുഴ മേഖലകളിലെ അറുപതോളം സി.സി.ടി.വി ദൃശ്യങ്ങളും ഇരുചക്രവാഹന ഷോറൂമുകളും വർക് ഷോപ്പുകളും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഒടുവിൽ മോട്ടോർ സൈക്കിൾ തിരിച്ചറിഞ്ഞു. മഠത്തുംപടിയിലെ ഡെലിവറി സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാഹുൽ, അപകടത്തിനുശേഷം ഇരുചക്രവാഹനം ഒഴിവാക്കി ബസിലായിരുന്നു യാത്ര. വീട്ടമ്മ കാൽ ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടെന്നതടക്കം വിവരങ്ങൾ രാഹുൽ യഥാസമയം അറിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.
അപകടമുണ്ടായ ഉടൻ സ്വന്തം ബൈക്ക് ഒരിടത്ത് ഒളിപ്പിച്ചശേഷം മറ്റൊരു ബൈക്കിലാണ് പ്രതി ജോലിസ്ഥലത്തേക്ക് പോയത്. വൈകീട്ട് തിരികെയെത്തി ബൈക്കെടുത്ത ശേഷം അത് മലയാലപ്പുഴയിലെ ഒരു വീട്ടിൽ ഒളിപ്പിച്ചുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ബൈക്ക് തിരിച്ചറിയാതിരിക്കാൻ ഹാൻഡിലും മാറ്റിവെച്ചു.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും വിഡിയോയും വിവിധ ഗ്രൂപ്പുകളിൽ പൊലീസ് പ്രചരിപ്പിച്ചിരുന്നു. ഇതിൽ നിന്നാണ് ബൈക്കിന്റെ ഉടമയെപ്പറ്റി പൊലീസിന് രഹസ്യവിവരം കിട്ടുന്നത്. ഒരിക്കലും പൊലീസ് തന്നെ കണ്ടുപിടിക്കില്ലെന്നായിരുന്നു കരുതിയിരുന്നതെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു. സി.പി.ഒമാരായ സുമിൽ, ലിജു, ജോജി, ഷിന്റോ, ആൽവിൻ, ഉണ്ണികൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.