രാത്രി മുഴുവൻ പൊലീസിനെ വട്ടംകറക്കിയ കുട്ടിസംഘം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി
text_fieldsമംഗലംഡാം: ഒരു രാത്രി മുഴുവൻ പൊലീസിനെ വട്ടം കറക്കിയ കുട്ടിസംഘം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവളുപാറ പട്ടികവർഗ കോളനിയിലെ 10, 12, 12, 13 വയസ്സുകാരായ നാല് ആൺകുട്ടികളാണ് കഴിഞ്ഞ രാത്രി ഒരു നാടിന്റെ ഉറക്കം കെടുത്തിയത്. രാത്രിയായിട്ടും കുട്ടികൾ വീട്ടിലെത്താതായതോടെ രക്ഷിതാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ മംഗലംഡാം പൊലീസും ഡെപ്യൂട്ടി റേഞ്ചർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ വനംവകുപ്പും രാത്രി പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
ഒടുവിൽ വെള്ളിയാഴ്ച രാവിലെ നെല്ലിക്കോടുനിന്ന് കുട്ടികളെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് 12ഉം 10ഉം പ്രായക്കാരായ സഹോദരങ്ങളും അയൽവാസികളായ മറ്റു രണ്ടുപേരും ചേർന്ന് കോളനി വിട്ടിറങ്ങിയത്. പകൽ സമയത്ത് നന്നങ്ങാടി ഭാഗത്ത് തേക്കിൻകാട്ടിലിരുന്ന് വൈകുന്നേരമാണ് നാൽവർ സംഘം മംഗലംഡാം ടൗണിലെത്തിയത്.
അച്ഛന് കൊടുക്കാൻ മറ്റൊരാൾ ഏൽപിച്ച 150 രൂപ ഒരാളുടെ കൈവശമുണ്ടായിരുന്നു. രാത്രി എട്ടരയോടെ ഹോട്ടലിൽ വന്ന് പൊറോട്ട കഴിച്ചു. രാത്രി സമയത്ത് കുട്ടികൾ തനിച്ച് വന്നതിനാൽ ഹോട്ടലുടമ കാര്യം അന്വേഷിച്ചെങ്കിലും തങ്ങളിവിടെ കളിക്കാൻ വന്നതാണെന്നും രാത്രിയായതുകൊണ്ട് കവളുപാറക്ക് തിരിച്ചുപോകേണ്ട എന്നും മരുതംകുളമ്പിലെ ബന്ധുവീട്ടിലേക്ക് പോകാൻ അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് ഇവർ പറഞ്ഞത്. മരുതംകുളമ്പ് അടുത്ത സ്ഥലമായതുകൊണ്ട് ഹോട്ടലുടമക്കും അസ്വാഭാവികത തോന്നിയില്ല. രാത്രി മുഴുവൻ കുട്ടികൾ വടക്കേ കളത്ത് വെയിറ്റിങ് ഷെഡിന്റെ പിറകിൽ കഴിച്ചുകൂട്ടി. പുലർച്ച എഴുന്നേറ്റ് മുടപ്പല്ലൂർ ഭാഗത്തേക്ക് മെയിൻ റോഡിലൂടെ നടന്നുപോകുന്നതായി നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി നെല്ലിക്കോടുനിന്ന് നാലുപേരെയും മംഗലംഡാം സ്റ്റേഷനിലെത്തിച്ചു.
ആലത്തൂർ തഹസിൽദാർ കെ. ബാലകൃഷ്ണൻ, മംഗലംഡാം സി.ഐ കെ.ടി. ശ്രീനിവാസൻ, ടി.ഇ.ഒ സി. രാജലക്ഷ്മി, വാർഡ് മെംബർ രേഷ്മ അഭിലാഷ് എന്നിവർ സ്ഥലത്തെത്തി. വീടുവിട്ട് ഇറങ്ങിവരാനുള്ള സാഹചര്യം ചോദിച്ചറിഞ്ഞ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.