പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മുഖ്യ പ്രതി അറസ്റ്റില്‍
text_fieldsഏറ്റുമാനൂർ : പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത്, ജവഹർകോളനിയിൽ ആനാത്തിപ്പറമ്പിൽ വീട്ടിൽ അപ്പു എന്നു വിളിക്കുന്ന അലിൻ അപ്പച്ചൻ (24) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ മാസം 26 ആം തീയതി വെളുപ്പിനെ ഏറ്റുമാനൂർ കിസ്മത്ത് പടി ഭാഗത്തുള്ള പൊൻമാങ്കൽ പമ്പിലെ ജീവനക്കാരനെ അവിടെവച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പമ്പിൽ എത്തിയ അലിൻ പമ്പിലെ ജീവനക്കാരനോട് പണം നൽകാതെ വണ്ടിയിൽ പെട്രോൾ അടിക്കാൻ പറഞ്ഞതിനെ ജീവനക്കാരൻ എതിർത്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇയാൾ തിരിച്ചുപോയി സുഹൃത്തുക്കളുമായെത്തി ജീവനക്കാരനെ സംഘം ചേർന്ന് മർദ്ദിക്കുകയും കമ്പി വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഷിന്റോ, ഷാലു, രതീഷ്, സുധീഷ് എന്നിവരെ അടുത്ത ദിവസം പിടികുടിയിരുന്നു. തുടര്‍ന്ന് മുഖ്യ പ്രതിക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്സ്.ഐ ജയപ്രസാദ് ,എ.എസ്.ഐ. വിനോദ് സി.പി.ഓ മാരായ ഡെന്നി പി.ജോയ്, അനീഷ് വി.കെ, സെയ്ഫുദ്ദീൻ, സജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.