മക്കളെ കേസിൽ കുടുക്കാതിരിക്കാൻ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസ് 19ന് പരിഗണിക്കും
text_fieldsകൊച്ചി: പെൺമക്കളെ കണ്ടെത്താൻ മാതാപിതാക്കളുടെ ചെലവിൽ പൊലീസ് അന്വേഷണം നടത്തിയെന്നും ഇവരുടെ ആൺമക്കളെ കേസിൽ കുടുക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് ഹൈകോടതി സ്വമേധയാ എടുത്ത കേസ് ജനുവരി 19ന് പരിഗണിക്കാൻ മാറ്റി. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി മാറ്റിയത്.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നതിനെക്കുറിച്ചാണ് സിംഗിൾ ബെഞ്ച് ആരായുന്നത്. ഹരജിയിൽ അമിക്കസ് ക്യൂറിയെയും നിയോഗിച്ചിട്ടുണ്ട്. ഡൽഹി സ്വദേശികളായ പെൺകുട്ടികളെ കൊച്ചിയിൽനിന്ന് കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടികൾ ഡൽഹിയിലേക്ക് കടന്നെന്ന് കണ്ടെത്തിയ അന്വേഷണസംഘം അവിടേക്ക് പോകാനും താമസച്ചെലവിനുമുള്ള തുക മാതാപിതാക്കളിൽനിന്ന് വാങ്ങിയെന്നാണ് ആരോപണം. കുട്ടികളെ കണ്ടെത്തി നാട്ടിലെത്തിച്ചപ്പോൾ സഹോദരന്മാർ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഒരു പെൺകുട്ടി വെളിപ്പെടുത്തൽ നടത്തിയെന്നും അവരെ കേസിൽ കുടുക്കാതിരിക്കണമെങ്കിൽ അഞ്ചുലക്ഷം രൂപ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെന്നുമാണ് കേസ്. സംഭവം വാർത്തയായതോടെ ഹൈകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.