നിരന്തരവും അതിക്രൂരവുമായ പീഡനമാണ് വാളയാർ പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സി.ബി.ഐ
text_fieldsപാലക്കാട്: നിരന്തരവും അതിക്രൂരവുമായ പീഡനമാണ് വാളയാർ പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സി.ബി.ഐ കുറ്റപത്രം. കുട്ടികൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന പൊലീസിന്‍റെ കണ്ടെത്തൽ ശരിവെക്കുന്നതാണ് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രവും. കുട്ടികളുടെ ശരീരത്തിൽ പിടിവലി നടന്നതിെൻറ ലക്ഷണങ്ങളോ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. മൂത്തകുട്ടിയുടെ മരണത്തിന് ദൃക്സാക്ഷിയായ ഇളയകുട്ടി ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നതായും സി.ബി.ഐ പറയുന്നു. അത് സാധൂകരിക്കുന്ന സാക്ഷിമൊഴികൾ കുറ്റപത്രത്തിലുണ്ട്.
ഒമ്പതുവയസ്സുള്ള ഇളയകുട്ടി കട്ടിലിന് മുകളിൽ കസേര വെച്ച് കയറിയാണ് ഷെഡിന്‍റെ ഉത്തരത്തിൽ കുരുക്കിട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡമ്മി പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാണെന്ന് കുറ്റപത്രത്തിൽ വിവരിക്കുന്നത്. കുട്ടികളുടെ ഉയരവും വീട്ടിലുണ്ടായിരുന്ന കട്ടിൽ, കസേര എന്നിവയുടെ ഉയരവും രേഖപ്പെടുത്തുന്നതിൽ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച പറ്റിയതായും സി.ബി.ഐ പറയുന്നു. പൊലീസ് അന്വേഷണത്തിന് ഒന്നര വർഷമെടുത്തപ്പോൾ ഒമ്പതു മാസംകൊണ്ടാണ് സി.ബി.ഐ അന്വേഷണം പൂർത്തിയാക്കിയത്.
71 പുതിയ സാക്ഷികളെ കേസിൽ സി.ബി.ഐ ഉൾപ്പെടുത്തിയിട്ടുണ്ട്. 125 ശാസ്ത്രീയ തെളിവുകൾ വിശകലനം ചെയ്തു. തിരുവനന്തപുരം സ്പെഷൽ യൂനിറ്റ് എസ്.പി നന്ദകുമാർ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ടി.പി. അനന്തകൃഷ്ണൻ, സി.ഐ വി. മുരളീധരൻ, എസ്.ഐമാരായ സി. ഗംഗാധരൻ, കെ. ഹരീഷ്, എം. ഗോവിന്ദനുണ്ണി, പി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. അതേസമയം, കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന സി.ബി.ഐ കണ്ടെത്തൽ തള്ളിയ വാളയാർ സമര സമിതിയും കുട്ടികളുടെ അമ്മയും ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പൂർണരേഖ കിട്ടിയശേഷം നിയമോപദേശം തേടും. നിർണായകമായ ഒട്ടേറെ വിവരങ്ങൾ സി.ബി.ഐ പരിഗണിച്ചില്ലെന്നും കേസ് അട്ടിമറിച്ചതായി സംശയിക്കുന്നതായും സമരസമിതി ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.