ഇസ്രായേൽ വനിതയുടെ കൊലപാതകത്തിൽ ഞെട്ടി നാട്
text_fieldsകൊട്ടിയം: വിദേശ വനിതയുടെ കൊലപാതകം ഒരു ഗ്രാമത്തെയാകെ ഞടുക്കത്തിലാക്കി. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പൊലീസ് സംഘവും പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും എത്തിയപ്പോഴാണ് കൊലപാതകം ഡീസന്റ് മുക്ക് കോടാലിമുക്ക് നിവാസികൾ അറിയുന്നത്. ഉത്തരാഖണ്ഡിൽ യോഗാ അധ്യാപകനായ കൃഷ്ണചന്ദ്രൻ അവിടെെവച്ചാണ് യോഗ പരിശീലനത്തിനെത്തിയ ഇസ്രായേൽ സ്വദേശിനി സ്വത്വായെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും.
ഒരുവർഷം മുമ്പ് കോടാലിമുക്കിലെ ബന്ധുവിന്റെ വീട്ടിലെത്തിയ ഇവർ ഇരുവർക്കും പരിസരവാസികളുമായി അധികം സഹവാസം ഉണ്ടായിരുന്നില്ല. ഇവർ ഭാര്യാ ഭർത്താക്കൻമാരാണെന്ന് പരിസരവാസികൾ അറിയുന്നത് കൊലപാതകശേഷമാണ്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സ്വത്വായെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും കൃഷ്ണചന്ദ്രനെ സ്വയം കുത്തി മുറിവേൽപ്പിച്ച നിലയിലും കാണ്ടത്.
സംഭവമറിഞ്ഞ് വൻ ജനാവലിയാണ് കോടാലിമുക്കിന് തെക്കുവശമുള്ള തിരുവാതിര വീടിന് മുന്നിൽ തടിച്ചുകൂടിയത്. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജി.എസ്, മുൻ പ്രസിഡന്റ് സുകു, വാർഡ് മെംബർ എസ്. സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാർ, സജാദ്, ഷീബ, സീതാഗോപാൽ, ഷിബുലാൽ, വിലാസിനി, ഗംഗാദേവി എന്നിവരും കൊട്ടിയത്തുനിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
വിദേശവനിത താമസിച്ചത് പൊലീസ് അറിയാതെ
കൊട്ടിയം: ഒരു വർഷത്തിലധികമായി ഇസ്രായേൽ സ്വദേശിയായ വിദേശവനിത കോടാലിമുക്കിൽ താമസിച്ചിട്ടും പൊലീസ് അറിഞ്ഞില്ല. ഇത് ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. താമസത്തിനായി വിദേശീയരെത്തിയാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണ് നിയമം. കൊല്ലപ്പെട്ട വനിതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന കൃഷ്ണചന്ദ്രനെ ചോദ്യംചെയ്താൽ മാത്രമേ അറിയാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.