നിർണായക തെളിവുകളുണ്ട്, കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലഭ്യമായ നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങിയപ്പോൾ ചെന്നൈയിലാണെന്നാണ് അറിയിച്ചത്. അടുത്ത ആഴ്ചയേ തിരിച്ചെത്തൂ. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് അടക്കം മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസംകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഉപഹരജിയിലാണ് ഇക്കാര്യങ്ങളുള്ളത്.
തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി തള്ളിയ ഹൈകോടതി, ഏപ്രിൽ 15നകം പൂർത്തിയാക്കണമെന്ന് മാർച്ച് എട്ടിന് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം തേടി ഹരജി നൽകിയിരിക്കുന്നത്.
ഡിജിറ്റൽ തെളിവുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്നും ഇനിയും ഒട്ടേറെ ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും അപേക്ഷയിൽ പറയുന്നു. ഫോറൻസിക് പരിശോധന പൂർത്തിയാക്കിയാലെ കാവ്യയടക്കമുള്ളവരെ ഫലപ്രദമായി ചോദ്യം ചെയ്യാനാകൂ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലാണെങ്കിലും പല ദിവസങ്ങളിൽ മറ്റുള്ളവർ കണ്ടതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഏതൊക്കെ തീയതികളിലാണ് മെമ്മറി കാർഡ് കണ്ടതെന്നത് സംബന്ധിച്ച പരിശോധന നടത്താൻ വിചാരണക്കോടതിയുടെ അനുമതി ലഭിച്ചത് ഈ മാസം നാലിനാണ്. മെമ്മറി കാർഡ് കസ്റ്റഡിയിൽ സൂക്ഷിച്ചവരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇത് ആരോ പരിശോധിച്ചിട്ടുണ്ടെന്നും അതിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
മെമ്മറി കാർഡ് അവസാനമായി ഉപയോഗിച്ചത് 2018 ഡിസംബർ 13 എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 18 എന്ന തീയതിയാണ് രേഖയിലുള്ളത്. ഇക്കാര്യത്തിൽ കോടതി ജീവനക്കാരെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കൈയക്ഷരത്തിന്റെയും ശബ്ദപരിശോധനയുടെയും ഫലം കിട്ടാൻ രണ്ടാഴ്ചകൂടി വേണ്ടിവരും. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ആലുവ കോടതിയിലെ വിവരങ്ങൾ ലഭിക്കാനും വൈകും.
ദിലീപിന്റെ ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനാകാത്ത വിധം മായ്ച്ചുകളഞ്ഞെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഡിജിറ്റൽ രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഫോൺ ഹാജരാക്കണമെന്ന് ഹൈകോടതി നിർദേശിച്ചതിന് പിന്നാലെയാണ് ഇത് സംഭവിച്ചിട്ടുള്ളത്.
മായ്ച്ചുകളഞ്ഞ ഈ വിവരങ്ങൾ സായ് ശങ്കറിന്റെ പക്കലുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ദിലീപിന്റെ അഭിഭാഷകനും ഇതിൽ പങ്കുണ്ട്. ഒളിവിൽ പോയ സായ് ശങ്കറിനെയും അഭിഭാഷകനെയും ചോദ്യം ചെയ്യുകയും സായ് ശങ്കറിന്റെ കൈവശമുള്ള ഡേറ്റകൾ കണ്ടെടുക്കുകയും വേണമെന്നും ഉപഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.