എടയാർ വ്യവസായ മേഖല ലഹരി ഇടപാടുകളുടെ താവളമാകുന്നു, കമ്പനികളുടെ സ്വയംഭരണ പ്രദേശങ്ങൾ പോലെയാണ് പല ഭാഗങ്ങളും
text_fieldsആലുവ: എടയാർ വ്യവസായ മേഖല ലഹരി ഇടപാടുകളുടെ താവളമാകുന്നു. വലിയ രീതിയിലെ സ്പിരിറ്റ് ഇടപാട് ഇവിടെ നടക്കുകയാണ്. ലഹരി-സ്പിരിറ്റ് ഇടപാടുകളുടെ കേന്ദ്രമായി മാറിയതിനാൽ കുറ്റവാളികളുടെ സാന്നിധ്യവും വർധിച്ചു.
അന്തർ സംസ്ഥാന തൊഴിലാളികൾ വലിയ തോതിലുള്ള ഇവിടെ ചെറുതും വലുതുമായ മയക്കുമരുന്ന് സംഘങ്ങളും സജീവമാണ്. കമ്പനികളുടെ സ്വയംഭരണ പ്രദേശങ്ങൾപോലെയാണ് പല ഭാഗങ്ങളും.വ്യവസായ മേഖലയിലെ കരിഓയിൽ കമ്പനിയുടെ മറവിൽ നടന്നിരുന്ന സ്പിരിറ്റ് ഇടപാടാണ് ബുധനാഴ്ച രാത്രി എക്സൈസ് പ്രത്യേക സംഘം പിടികൂടിയത്. 8000 ലിറ്ററിലധികം സ്പിരിറ്റാണ് പിടികൂടിയത്.
കുര്യൻ എന്നയാൾ നടത്തുന്ന കമ്പനി കുറച്ചു നാളായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഈ കമ്പനിയുടെ മറവിൽ സ്പിരിറ്റ് ഇടപാട് നാളുകളായി നടത്തുകയായിരുന്നെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട സൂചനകളെത്തുടർന്ന് എക്സൈസ് നിരീക്ഷണം നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ബുധനാഴ്ച രാത്രി ആലുവയിൽ കാറിൽ കടത്തിയ സ്പിരിറ്റ് പിടികൂടി. 250 കന്നാസിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഭൂഗർഭ അറയിൽ സൂക്ഷിച്ച സ്പിരിറ്റാണ് കണ്ടെടുത്തത്. നാളുകളായി ഇത്ര വലിയ സ്പിരിറ്റ് ഇടപാട് ഒരു തടസ്സവുമില്ലാതെ ഇവിടെ നടത്താൻ സാധിച്ചത് ഈ ഭാഗത്ത് പരിശോധനകളോ നിരീക്ഷണങ്ങളോ ഇല്ലാത്തതുകൊണ്ടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതർക്കുപോലും കാര്യമായ സ്വാധീനം ഇവിടെയില്ലെന്നാണ് അറിയുന്നത്. വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയും ഇതിനുണ്ടെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
എടയാർ വ്യവസായ മേഖലയിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു.
മുഖ്യപ്രതി ആശുപത്രിയിൽ
ആലുവ: എടയാർ സ്പിരിറ്റ് കേസിലെ മുഖ്യപ്രതി ആശുപത്രിയിൽ. കലൂർ അശോക റോഡിൽ നടുവിലമുള്ളത്ത് എൻ.വി. കുര്യനെയാണ് (65) കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കലൂരിലെ ഭാര്യവീട്ടിൽ ഒളിവിൽ കഴിഞ്ഞ കുര്യനെ എക്സൈസ് സംഘം വീടുവളഞ്ഞാണ് പിടികൂടിയത്. മെഡിക്കൽ പരിശോധനക്ക് ആലുവ ജില്ല ആശുപത്രിയിലെത്തിച്ചു. പ്രമേഹബാധിതനായ ഇയാൾ ആ സമയം കുഴഞ്ഞുവീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.