ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതിനെതിരായ അപ്പീൽ ഹൈകോടതി ഫയലിൽ സ്വീകരിച്ചു
text_fieldsകൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകാനും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തെളിവുകൾ ശരിയായി വിലയിരുത്താതെയും വസ്തുതകൾ തെറ്റായി വ്യാഖ്യാനിച്ചുമാണ് വിചാരണക്കോടതി വിധി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമല്ലെന്ന് വിലയിരുത്തിയാണ് ജനുവരി 14ന് വിചാരണക്കോടതി വിധി പറഞ്ഞത്. കന്യാസ്ത്രീയെ ബിഷപ് 13 തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇരയുടെയും സാക്ഷികളുടെയും മൊഴികളിൽനിന്ന് ബിഷപ് പീഡിപ്പിച്ചെന്ന് വ്യക്തമാണ്. കന്യാസ്ത്രീയെ ബിഷപ് പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയിട്ടുണ്ട്. പീഡനം നടന്ന ദിവസങ്ങളിലൊക്കെ ബിഷപ് മഠത്തിലുണ്ടായിരുന്നതിനും തെളിവുണ്ട്.
എന്നാൽ, കന്യാസ്ത്രീ ആദ്യം നൽകിയ മൊഴിയിൽ എല്ലാ വിവരങ്ങളുമില്ലെന്നാണ് കോടതി വിലയിരുത്തിയത്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽതന്നെ ബിഷപ് കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കാമെന്നിരിക്കെയാണ് മറിച്ച് വിധിയുണ്ടായതെന്നും അപ്പീലിൽ പറയുന്നു. വിധിക്കെതിരെ കന്യാസ്ത്രീയും അപ്പീൽ ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.