മുതിർന്ന പൗരന്‍റെ ഓട്ടോ കണ്ടെത്താത്തത് നീതിനിഷേധമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ട്യൂഷനെടുത്തും ഓട്ടോ ഓടിച്ചും ഉപജീവനം നടത്തുന്ന മുതിർന്ന പൗരന്‍റെ ഓട്ടോ പട്ടാപ്പകൽ ബലാൽക്കാരമായി മോഷ്ടിച്ച് എട്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തത് നീതി നിഷേധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ശംഖുംമുഖം അസി. കമീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസിന്‍റെ അന്വേഷണം പൂർത്തിയാക്കണമെന്നും കേസിന്‍റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കമീഷനെ അറിയിക്കണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ഏപ്രിൽ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
2021 ഏപ്രിൽ 25ന് ഉച്ചക്കാണ് കരകുളം സ്വദേശി ജെ. ഐപ്പിന്‍റെ ഓട്ടോ സവാരി വിളിച്ചവർ വള്ളക്കടവിന് സമീപത്ത് എത്തിയപ്പോൾ ആർ.ടി.ഒ ഉദ്യോഗസ്ഥരാണെന്ന് ഭീഷണിപ്പെടുത്തി മോഷ്ടിച്ചുകൊണ്ടുപോയത്. ഓട്ടോയിലുണ്ടായിരുന്ന എട്ട് പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിക്കപ്പെട്ടു. സിറ്റി പൊലീസ് കമീഷണറിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. വലിയതുറ പൊലീസ് 918/21 നമ്പറായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരന്‍റെ ഓട്ടോയുടെ ആർ.സി ഉടമ രാജേഷ് എന്നയാളാണ്. ഓട്ടോ വാങ്ങാൻ താൻ പരാതിക്കാരന് ജാമ്യം നിൽക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പരാതിക്കാരൻ വായ്പ അടവിൽ പലപ്പോഴായി മുടക്കം വരുത്തിയിട്ടുണ്ടെന്നും രാജേഷ് പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. 2019 ഒക്ടോബറിൽ വാഹനത്തിനായി എടുത്ത വായ്പ അടച്ചുതീർത്തതായി പരാതിക്കാരൻ കമീഷനെ അറിയിച്ചു. ആർ.സി ഓണറായ രാജേഷിനോട് ഉടമസ്ഥാവകാശം തനിക്ക് നൽകാൻ സി.ഐയും എസ്.ഐയും പറഞ്ഞിട്ടും തയാറായിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം അനിവാര്യമാണെന്ന് കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.