മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ഇൻസ്റ്റ വഴി പണം തട്ടിച്ച പരാതിക്ക് പരിഹാരം
text_fieldsകോഴിക്കോട്: സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടയാൾ വിദേശത്ത് ജോലിക്ക് വിസ നൽകാമെന്ന് പറഞ്ഞ് 40,000 രൂപ തട്ടിയെന്ന പരാതിക്ക് മനുഷ്യാവകാശ കമീഷന്റെ ഇടപെടലിലൂടെ പരിഹാരമായി. കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ നിർദേശാനുസരണം കോഴിക്കോട് സിറ്റി ടൗൺ സബ് ഡിവിഷൻ അസി. കമീഷണറാണ് പണം വാങ്ങിയ ആളെ കണ്ടെത്തി പരാതി പരിഹരിച്ചത്. ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യപ്രകാരം പരാതിക്കാരനായ പുത്തഞ്ചേരിത്താഴം സ്വദേശി അജിൽ സ്വമേധയാ പണം നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇൻസ്റ്റഗ്രാം ഐ.ഡിയുടെ വിവരങ്ങൾ മാതൃകമ്പനിയായ മെറ്റഫോംസ് വഴി ശേഖരിച്ചു. വ്യാജ പേരിൽ ഇ-മെയിൽ ഐ.ഡിയുണ്ടാക്കിയതായി കണ്ടെത്തി. ഇ-മെയിൽ ഐ.ഡിയിൽ ഒരു മൊബൈൽ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂഡൽഹി സ്വദേശി ആയുഷി ട്രെഹാൻ എന്നയാളുടേതായിരുന്നു മൊബൈൽ നമ്പർ. തുടർന്ന് പരാതിക്കാരൻ നേരിട്ട് പണം നിക്ഷേപിച്ച ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ കണ്ടെത്തി. ഇതിൽ ഇപ്പോൾ 3.77 രൂപ മാത്രമാണ് ബാക്കിയുള്ളത്. തുടർന്ന് ഇതേ അക്കൗണ്ടിൽ നിന്നും പണം കൈമാറിയവരുടെ അക്കൗണ്ട് നമ്പറുകൾ കണ്ടെത്തി. എന്നാൽ, ആയുഷി ട്രെഹാൻ എന്നയാളെ ഫോണിലോ, വാട്സ്ആപ്പിലോ ബന്ധപ്പെടാൻ കഴിയാത്തതിനാൽ ബോട്ടിം എന്ന ആപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടതായി റിപ്പോർട്ടിലുണ്ട്.
ഇദ്ദേഹം ദുബൈയിൽ ജോബ് കൺസൾട്ടൻസി നടത്തുകയാണ്. പരാതിക്കാരനിൽനിന്നും 40,000 രൂപ വാങ്ങിയെന്ന് സമ്മതിച്ച ഇയാൾ, വിസ അയച്ചുനൽകിയെങ്കിലും വിസ വേണ്ടെന്ന് പറഞ്ഞതായി പൊലീസിനോട് പറഞ്ഞു. അക്കൗണ്ട് നമ്പർ കൈമാറിയാൽ പണം തിരികെ നൽകാമെന്ന് ഇയാൾ അറിയിച്ചു. തുടർന്ന് പരാതിക്കാരനെ പൊലീസ് ബന്ധപ്പെട്ടു. മോശമായ ജോലി നൽകുമെന്ന് പേടിച്ചാണ് താൻ വിസ വേണ്ട പണം മതിയെന്ന് പറഞ്ഞതെന്ന് പരാതിക്കാരൻ പൊലീസിനെ അറിയിച്ചു. പരാതിക്ക് പരിഹാരമായ സാഹചര്യത്തിൽ കമീഷൻ കേസ് തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.