ഭാര്യയുടെ കുടുംബ വീട്ടിന് തീവെച്ച് ഭർത്താവ് അത്മഹത്യക്ക് ശ്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsവടകര: ഭാര്യയുടെ കുടുംബവീടിന് തീയിട്ട് ഭർത്താവിന്റെ ആത്മഹത്യാ ശ്രമം. പയ്യോളി കൊളാവിപ്പാലം സ്വദേശി കൂടത്തായ അനിൽകുമാറാണ് (50) ആത്മഹത്യാശ്രമം നടത്തിയത്. വടകര കോട്ടക്കടവിൽ ഭാര്യയുടെ കുടുംബ വീടായ സഹോദരൻ കടുങ്ങോന്റവിട ഷാജിയുടെ വീടിനാണ് തീകൊളുത്തിയത്. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. സാരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയുടെ സഹോദരിയും ഭർത്താവ് അനിൽകുമാറും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അക്രമം നടന്നത്. തിങ്കളാഴ്ച പുലർച്ചെ ബൈക്കിലെത്തിയ അനിൽകുമാർ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് വീടിന്റെ ഇരു ഭാഗത്തെയും വാതിലുകൾക്കും വീടുപണിക്ക് സൂക്ഷിച്ച മരത്തിലും വീടിനു സമീപത്തായി കൂട്ടിയിട്ട വിറകിലും വീട്ടുമുറ്റത്ത് നിർത്തിയ കാറിലും ബൈക്കിലും തീയിടുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട അയൽക്കാർ വീട്ടിലുള്ളവരെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന് പുറത്തിറങ്ങിയ ഭാര്യ സഹോദരൻ ഷാജിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. ഇതിനിടെ, അനിൽകുമാറിന്റ ശരീരത്തിൽ തീ പടരുകയും ഗുരുതരമായി പരിക്കേൽക്കുകയും ഉണ്ടായി.
സ്ഥലത്തെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അനിൽകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നത്തിന്റെ പേരിൽ നേരത്തേയും ഇയാൾ വീടിനു നേരെ അക്രമം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് വടകര പൊലീസിൽ കേസുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വീടിന് തീവെപ്പ്: കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
വടകര: ദാമ്പത്യപ്രശ്നത്തെ തുടർന്ന് ഭാര്യയുടെ വീടിന് തീവെച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുപ്പണം കോട്ടക്കടവ് കടുങ്ങോന്റവിട ഷാജിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ഷാജിയുടെ സഹോദരി ഭർത്താവ് പയ്യോളി കൊളാവിപ്പാലം സ്വദേശി കൂടത്തായ അനിൽകുമാർ (50) ആണ് വീട്ടിന് തീ വെച്ച് ആത്മഹത്യാശ്രമം നടത്തിയത്.
തിങ്കളാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. വീടിന് ചുറ്റും തീ പടരുന്നത് സമീപവാസിയായ സ്ത്രീയാണ് കണ്ടത്. ഇവർ വിവരം വീട്ടുകാരെ ഫോണിൽ അറിയിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വീടിെന്റ മുന്നിലും പിന്നിലുമുള്ള വാതിലുകൾക്കും വാഹനങ്ങൾക്കും തീയിട്ടിരുന്നു. തീ വീടിനകത്ത് പടരുന്നത് ഒഴിവാക്കാനായതിനാൽ കുടുംബം രക്ഷപ്പെട്ടു. ഷാജിയും സഹോദരിയും സഹോദരിയുടെ മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുമുറ്റത്ത് സൂക്ഷിച്ച മരങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടിരുന്നെങ്കിലും തീ ആളിപ്പടരുന്നതിന് മുമ്പ് ശ്രദ്ധയിൽപെട്ടത് രക്ഷയായി. മുറ്റത്ത് നിർത്തിയ കാറിനും സ്കൂട്ടറിനും തീപിടിച്ചെങ്കിലും പടരുന്നതിനിടെ കെടുത്തിയിരുന്നു.
അനിൽ കുമാറും ഭാര്യയും തമ്മിലുള്ള ദാമ്പത്യപ്രശ്നത്തിെന്റ ഭാഗമായി കേസ് നിലവിലുണ്ട്. വിവാഹമോചന കേസ് സംബന്ധിച്ച് കോടതിയിൽ ഹാജരാവാൻ നിർദേശം വന്നതിനു പിന്നാലെയാണ് തിങ്കളാഴ്ച വീട്ടിനുനേരെ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം നാദാപുരം കല്ലുമ്മലിൽ യുവാവ് യുവതിയുടെ വീട്ട് മുറ്റത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ദാമ്പത്യപ്രശ്നങ്ങൾ പ്രതികാരത്തിന് വഴിവെക്കുന്നത് വർധിച്ചു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.