യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയരികിൽ ഉപേക്ഷിച്ച സംഭവം: ഗുണ്ടാസംഘത്തിലെ മൂന്നുപേർ പിടിയിൽ
text_fieldsതിരുവല്ല: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം വഴിയരികിൽ ഉപേക്ഷിച്ച നാലംഗ ഗുണ്ടാസംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിലായി. തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ രാഹുൽ മനോജ് (കൊയിലാണ്ടി രാഹുൽ -29), കുറ്റപ്പുഴ മാർത്തോമാ കോളേജിന് സമീപം പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ (26), കിഴക്കൻ മുത്തൂർ പ്ലാംപറമ്പിൽ കരുണാലയത്തിൽ ദീപുമോൻ എ (വാവ -28) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട തിരുവല്ല മഞ്ഞാടി തൈമലയിൽ കെവിൻ മാത്യു ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തൃശൂർ മണ്ണുത്തി സ്വദേശി ശരത്തിനെ (23) ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10ന് പായിപ്പാട്ടുനിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത്തിനെ കാർ തടഞ്ഞുനിറുത്തിയശേഷം നാലംഗസംഘം അതേകാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രി മുഴുവൻ ശരത്തിനെ മർദ്ദിച്ച് അവശനാക്കിയശേഷം ഗുണ്ടാസംഘം കവിയൂർ മാകാട്ടി കവലയിൽ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
ശരത്തിന്റെ കാറും അടിച്ചുതകർത്തശേഷം സംഘം ഇവിടെ ഉപേക്ഷിച്ചു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ച ശരത്ത് ചികിത്സയിലാണ്. മാന്താനം സ്വദേശി സേതുവിന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയുടെ ഡ്രൈവറാണ് ശരത്. ഗുണ്ടാസംഘത്തിന് സേതുവുമായി മുൻവൈരാഗ്യം ഉണ്ടായിരുന്നു. ശരത്ത്, സേതുവുമായി ഒത്തുചേർന്ന് സംഘത്തിനെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ശരത്തിനെ ആക്രമിച്ചശേഷം പ്രതികൾ റെയിൽവേ സ്റ്റേഷന് സമീപം വടിവാൾ കാണിച്ച് ഓട്ടോ ഡ്രൈവറെയും ഭീഷണിപ്പെടുത്തി. ഏറെനേരം ഇവിടെ ബഹളമുണ്ടാക്കിയ ഇവരെ പിടികൂടാനെത്തിയ തിരുവല്ല പൊലീസിന്റെ വാഹനത്തെയും ഇടിപ്പിച്ചശേഷമാണ് പ്രതികൾ മുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളും ഇവർ ഉപയോഗിച്ച കാറും സി.ഐ. ബി.കെ. സുനിൽ കൃഷ്ണൻ, എസ്.സി.പി.ഒമാരായ അഖിലേഷ്, മനോജ്, സി.പി.ഒ അവിനാശ് എന്നിവരുടെ സംഘം കസ്റ്റഡിയിലെടുത്തത്. കാപ്പാക്കേസിലെ പ്രതികളായ കൊയിലാണ്ടി രാഹുലും സുബിൻ അലക്‌സാണ്ടറും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. രാഹുൽ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, അടിപിടി, അക്രമം, വധശ്രമം ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണെന്ന് ഡിവൈ.എസ്.പി എസ് അഷാദ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.