വിദ്യാർഥിയെ കാറിടിച്ച് കൊന്ന സംഭവം: ആ കൊടും ക്രിമിനലിന് കൈയാമം നൽകിയത് സി.സി ടി.വി
text_fieldsകാട്ടാക്കട: സാധാരണ അപകടമരണമായി ഒതുങ്ങുമായിരുന്ന വാഹനാപകടത്തിന് പിന്നിൽ ഒരു നീച മനസ്സിന്റെ കൊടുംക്രൂരതയായിരുന്നെന്ന സത്യം പുറത്തുകൊണ്ടുവന്നത് ആ സി.സി ടി.വി ദൃശ്യങ്ങളായിരുന്നു. സൈക്കിൾ യാത്രക്കാരനായ പത്താംക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊന്ന ക്രിമിനൽ അകത്തായതോടെ, അരുംകൊലയുടെ നടുക്കം വിട്ടുമാറാത്ത അവസ്ഥയിലാണ് നാട്ടുകാർ. കാട്ടാക്കട പൂവച്ചൽ പുളിങ്കോട് ഭൂമികയില്‍ പ്രിയരഞ്ജന് (42) എതിരെ കാട്ടാക്കട പൊലീസ് കൊലക്കുറ്റം ഉള്‍പ്പെടെ വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. തിരുവോണ പിറ്റേന്ന് വൈകീട്ട് പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിന് മുന്നിലായിരുന്നു കൊലപാതകം. പൂവച്ചല്‍ പുളിങ്കോട് ‘അരുണോദയ’ത്തിൽ എ. അരുൺകുമാറിന്റെ മകൻ ആദിശേഖർ (15) പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു.
ഈ സമയത്ത് പ്രിയരഞ്ജൻ ക്ഷേത്രമതിലില്‍ പരസ്യമായി മൂത്രമൊഴിച്ചത് സംബന്ധിച്ച് ഇവർ തമ്മിൽ സംസാരം നടന്നിരുന്നു. ഇതിനെതുടര്‍ന്ന് ആദിശേഖറിനെ പ്രിയരഞ്ജൻ ആക്രമിക്കാന്‍ ശ്രമിച്ചെന്ന അരുൺകുമാറിന്റെ അടുത്ത ബന്ധുവിന്റെ മൊഴിയാണ് നിർണായകമായത്. തുടര്‍ന്നാണ് പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്. ഒരുപക്ഷേ അത്തരമൊരു ദൃശ്യം കിട്ടിയില്ലായിരുന്നെങ്കിൽ സാധാരണ അപകടമരണമായി അത് അവസാനിക്കുകമായിരുന്നു. ഇതിനിടെ സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതലത്തില്‍ നീക്കവും നടന്നു. പൊലീസിന്റെ അന്വേഷണത്തില്‍ പ്രിയരഞ്ജൻ ഉൾപ്പെടുന്ന സംഘത്തെ രാസലഹരിയുമായി എക്സൈസ് പിടികൂടിയതായും സമ്മര്ദങ്ങളെതുടര്ന്ന് വിട്ടയച്ചതായും പൊലീസിന് വിവരം ലഭിച്ചതും വഴിത്തിരിവായി.
പ്രിയരഞ്ജനെ കണ്ടപ്പോൾ ജനം ഇളകി
കാട്ടാക്കട: പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടികൂടിയ പ്രതി പ്രിയരഞ്ജനെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പ്രതിഷേധമിരമ്പി. പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. ജീപ്പില്‍ നിന്നിറക്കി സ്റ്റേഷനിലേക്ക് കയറ്റവെ, ജനങ്ങള്‍ ആക്രോശിച്ചും കൂകിവിളിച്ചുമാണ് പ്രതികരിച്ചത്. പലരും ഇറക്കി വിടെടാ എന്നാക്രോശിച്ചു. സ്റ്റേഷൻ വളപ്പിലെത്തിയവരെ പൊലീസ് വളരെ പ്രയാസപ്പെട്ടാണ് നിയന്ത്രിച്ചത്.
നൊമ്പരമായി ആദിശേഖറിന്റെ സൈക്കിള്‍
കാട്ടാക്കട: പ്രതി പിടിയിലായെങ്കിലും അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ആദിശേഖർ അന്ന് ഓടിച്ച സൈക്കിളും നൊമ്പരമാകുന്നു. ആ സൈക്കിൾ ആദിശേഖറിന്റെ വീടിന്റെ ഉമ്മറത്ത് ചാരിവെച്ചിരിക്കുന്നു.
തിരുവോണപിറ്റേന്ന് ക്ഷേത്രപരിസരത്തുവെച്ച് സൈക്കിള്‍ സവാരി നടത്തവെ കാറിടിച്ച് ബാലൻ മരിച്ച സംഭവം നാട്ടുകാരെയും ക്ഷേത്ര വിശ്വാസികളെയുമെല്ലാം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.