ടാപ്പിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് അവർ പുറത്തിറങ്ങിയത്; പിന്നീട് സംഭവിച്ചത് ഇതാണ്..
text_fieldsകണ്ണൂർ: വീടിന് പുറത്തുള്ള ടാപ്പിൽ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വയോധികയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു. വാരം ഐ.എം.ടി സ്കൂളിന് സമീപത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന ആയിഷയാണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. വീടിന് പിറകുവശത്തുള്ള പൈപ്പിൽനിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ടാണ് ഇവർ പുറത്തിറങ്ങിയത്. ഉടൻ മൂന്നംഗ കവർച്ച സംഘം ഇവരുടെ സ്വർണാഭരണം ചെവിയിൽ നിന്ന് പറിച്ചെടുക്കുകയായിരുന്നു. ആക്രമണത്തിൽ ചെവിയിൽ ആഴത്തിൽ മുറിവേറ്റു. കഴുത്തിലണിഞ്ഞ സ്വർണമാലയും നഷ്ടമായിട്ടുണ്ട്. അയൽവീട്ടുകാർ എത്തുേമ്പാഴേക്കും കവർച്ച സംഘം ഓടിരക്ഷപ്പെട്ടു.
ഹിന്ദി സംസാരിക്കുന്നവർ ഉൾപ്പെടുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഇവർ പറഞ്ഞു. പരിക്കേറ്റ ആയിഷയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
പുറത്തുള്ള ടാപ്പ് തുറന്നിടുന്നതും മറ്റും കവർച്ച സംഘങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ മുൻകരുതലെടുക്കാതെ പുറത്തിറങ്ങുന്നത് അപകടകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.