കവര്‍ച്ചസംഘത്തിന്റെ തലവന്‍ അറസ്റ്റില്‍
text_fieldsമൊഗ്രാൽ: കുമ്പള-മഞ്ചേശ്വരം സ്റ്റേഷന് പരിധിയില്‍ പതിനഞ്ചിലധികം കവര്‍ച്ച നടത്തിയ സംഘത്തിന്റെ തലവനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ ബഷീറലിയെയാണ് (25) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കവര്‍ച്ചക്കുപയോഗിച്ച ബൊലേറോ ജീപ്പ് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു സ്കൂട്ടര്‍ ഇനി കണ്ടെത്താനുണ്ട്.
ബേക്കൂര്‍ സുഭാഷ് നഗറിലെ യൂസഫിന്റെ വീട്ടിൽ കവര്‍ച്ച നടത്തിയ കേസിലാണ് അലി അറസ്റ്റിലായത്. ഇയാൾ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, ബേക്കല്‍, കര്‍ണാടക സ്റ്റേഷന് പരിധികളില്‍ 15ലധികം കവര്‍ച്ചകള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സോങ്കാല്‍ പ്രതാപ് നഗറില്‍ പൂട്ടിക്കിടന്ന വീട് പട്ടാപ്പകല്‍ കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവര്‍ന്നതും മഞ്ചേശ്വരം കയര്‍ക്കട്ടയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും പണവും സൂക്ഷിച്ച ലോക്കര്‍ സ്കൂട്ടറില്‍ കടത്തിക്കൊണ്ടുപോയതും അലിയും സംഘവുമാണെന്ന് പൊലീസ് പറഞ്ഞു. ഇത് കൂടാതെ ബദിയടുക്ക, ബേക്കല്‍, കര്‍ണാടക പൊലീസ് സ്റ്റേഷന് പരിധികളില്‍ അലിയും സംഘവും നടത്തിയ കവർച്ചയും അന്വേഷണത്തില്‍ തെളിഞ്ഞു.
വാക്കുപാലിച്ച് എസ്.ഐ; അഭിനന്ദനം
മൊഗ്രാൽ: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സ്ഥലംമാറ്റത്തിലാണ് എസ്.ഐ വിപിന്‍ കുമ്പള പ്രിന്‍സിപ്പല്‍ എസ്.ഐയായി ചാര്‍ജെടുത്തത്. ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം കുമ്പള ശാന്തിപ്പളത്ത് വാതില്‍ തകര്‍ത്ത് വീട്ടിലെ ആഭരണങ്ങളും പണവും കവര്‍ന്ന സംഭവമുണ്ടായി. ഇത് അന്വേഷിക്കവേ ആരിക്കാടിയില്‍ വീട്ടില്‍നിന്ന് കവര്‍ച്ചസംഘം സ്വര്‍ണാഭരണവും പണവും കവര്‍ന്ന സംഭവവും നടന്നു.
ഇതോടെ പൊലീസിന് തലവേദനയായി. ജയിലില്‍നിന്ന് ഇറങ്ങിയ പ്രതികളെയും മറ്റുമാണ് ആദ്യം അന്വേഷണം നടത്തിയത്. അതിനിടെ നാട്ടുകാരെ ഞെട്ടിച്ച് സോങ്കാലില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറിയ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ഇത്തരം കവര്‍ച്ചകള്‍ വര്‍ധിച്ചതോടെ നാട്ടുകാര്‍ പൊലീസിനെ കുറ്റപ്പെടുത്തി. കവര്‍ച്ചസംഘത്തെ പിടികൂടിയില്ലെങ്കില്‍ പൊലീസിന് നാണക്കേടായി മാറുമെന്നും താന്‍ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലംമാറി പോകുന്നതിന് മുന്നേ ഈസംഘത്തെ പിടികൂടുമെന്നും എസ്.ഐ വിപിന്‍ നാട്ടുകാർക്ക് വാക്കുനൽകി. അതേസമയം, മഞ്ചേശ്വരത്തും വ്യാപകമായി കവര്‍ച്ച സംഭവങ്ങളുണ്ടായി. ഇരു സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ കവർച്ചക്കാരെ കണ്ടെത്താൻ പലവഴിക്കും അന്വേഷിച്ചുകൊണ്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള സംഘമാണ് പിന്നിലെന്നാണ് ആദ്യം സംശയിച്ചിരുന്നത്. ഇതുസംബന്ധിച്ചും അന്വേഷണം നടന്നു.
പിന്നീടാണ് ബന്തിയോട് അടുക്ക സ്വദേശി ബഷീര്‍ അലിയെ പറ്റി സൂചന ലഭിച്ചത്. അലിയെ കണ്ടെത്താന്‍ അതിരഹസ്യമായി പൊലീസ് അന്വേഷിച്ചു. കഴിഞ്ഞദിവസം ബേക്കൂര്‍ സുഭാഷ് നഗറിലെ യൂസഫിന്റെ വീട്ടില്‍നിന്ന് ഐഫോണും മറ്റ് സാധനങ്ങളുമടക്കം ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നതിന് പിന്നില്‍ അലിയാണെന്ന് വ്യക്തമായതോടെ കഴിഞ്ഞദിവസം രാവിലെ അലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റേഷന് ഹൗസ് ഓഫിസര്‍ ബിജോയിയുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ചന്ദ്രന്, മനു, വിനോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് നല്കിയ വാക്കുപാലിച്ച എസ്.ഐ വിപിന്റെ പ്രവര്‍ത്തനം പ്രശംസക്കിടയാക്കി. കണ്ണൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന എസ്.ഐ വിപിന്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.