തമിഴ്നാട്ടിൽ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsപത്തനംതിട്ട: തമിഴ്നാട്ടിലെ തെങ്കാശി ശിവഗിരി ചെക്ക്പോസ്റ്റിൽ 105 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയെ അടൂരിൽനിന്ന് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പറക്കോട് ലത്തീഫ് മൻസിലിൽ അജ്മലിനെയാണ് (27) ഇളമണ്ണൂരിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്. ഒക്ടോബർ ഏഴിന് കൊല്ലം തിരുമംഗലം പാതയിലെ ശിവഗിരി ചെക്ക് പോസ്റ്റിൽവെച്ചാണ് വാഹനത്തിൽ കൊണ്ടുവരുകയായിരുന്ന 105 കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടിയത്.
ഡ്രൈവർ തമിഴ്നാട് സ്വദേശി പുളിയങ്കുടി കർപ്പഗവീഥി സ്ട്രീറ്റിൽ മുരുഗാനന്ദം, എറണാകുളം സ്വദേശി ബഷീർ എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് കഞ്ചാവ് ഇടപാടിൽ അജ്മലിന്റെ പങ്ക് കണ്ടെത്തിയത്. രഹസ്യാന്വേഷണ വിഭാഗവും തമിഴ്നാട് പൊലീസും വിവരങ്ങൾ അടൂർ പൊലീസിനെ അറിയിച്ചു . കൂട്ടുപ്രതികൾ പിടിയിലായതറിഞ്ഞ് അജ്മൽ ഒളിവിൽ പോകുകയായിരുന്നു.
തുടർന്ന്, അടൂരെത്തിയ തമിഴ്നാട് പൊലീസ്, ജില്ല പൊലീസ് മേധാവി വി. അജിത്തിനോട് അടൂർ പൊലീസിന്റെ സഹായം തേടി. തുടർന്ന് അടൂർ പൊലീസും നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്ന്, പല സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസമായി പ്രതിയെ തിരഞ്ഞുവരുകയായിരുന്നു. രഹസ്യമായി നടത്തിയ നീക്കത്തിൽ ഇളമണ്ണൂരിലെ ഒളിവു സങ്കേതം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടൂർ പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ സാഹസികമായി കീഴടക്കിയത്. എസ്.ഐ എം.മനീഷ്, സി.പി.ഒമാരായ സൂരജ് ആർ. കുറുപ്പ്, ശ്യാം കുമാർ, നിസാർ മൊയ്തീൻ, രാകേഷ് രാജ്, ഡാൻസാഫ് ടീമംഗങ്ങൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അജ്മൽ 2022ൽ വധശ്രമക്കേസിൽ ജയിലിൽ കഴിയവെ, കാപ്പ നിയമപ്രകാരം തടവിലാകുകയും ഈവർഷം ജനുവരിയിൽ എട്ട് മാസത്തെ ശിക്ഷ അനുഭവിച്ചശേഷം വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് മോചിതനാകുകയും ചെയ്തതാണ്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് വിശദമായ അന്വേഷണം നടന്നുവരുകയാണെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ചശേഷം, ഉയർന്ന തുകക്ക് കച്ചവടം നടത്തുന്നതാണ് പ്രതികളുടെ രീതി.
പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. പച്ചക്കറി, പഴവർഗങ്ങളുടെ കച്ചവടത്തിന്റെ മറവിൽ വൻതോതിൽ ലഹരിവസ്തുക്കൾ തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്തുന്നതിനായി വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായതിനെതുടർന്ന് ഇവർക്കെതിരെ സംയുക്ത നടപടികൾക്കുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി ഇരുസംസ്ഥാനത്തെയും പൊലീസ് പരസ്പരം യോജിച്ചുനീങ്ങുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.