32 കിലോ കഞ്ചാവ് കടത്തിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
text_fieldsകൊല്ലം: 32 കിലോഗ്രാം കഞ്ചാവ് കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഇരവിപുരം മണിയന്‍കുളം ലൈല മന്‍സിലില്‍ എ. അൻസറാണ് (35) അറസ്റ്റിലായത്. ഫെബ്രുവരി രണ്ടിന് 32 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഉളിയക്കോവിൽ ശ്രീഭദ്ര നഗർ 198 കണ്ണമത്ത് തെക്കതിൽ വീട്ടിൽ എസ്. നവാസ് (56), ആണ്ടാമുക്കം പുകയില പണ്ടകശാല ദേശത്ത് ആറ്റുകാൽ പുരയിടത്തില്‍ പി. സുധീർ (52) എന്നിവരെ കൊല്ലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി. രാജുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണം കൊല്ലം അസി. എക്‌സൈസ് കമീഷണർ വി. റോബർട്ടാണ് നടത്തിവന്നത്.
അന്വേഷണത്തിൽ രണ്ടാം പ്രതി സുധീർ, മൂന്നാം പ്രതി അൻസർ, ഇരവിപുരം വയനംകുളം ബാപ്പുജി നഗർ 104 വീട്ടിൽ എസ്. മൻസൂർ (42) എന്നിവർ ചേർന്നാണ് കഞ്ചാവ് ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടു വന്നതെന്ന് കണ്ടെത്തി. നാലാം പ്രതി മൻസൂറിന്റെ വാഹനത്തിലാണ് കഞ്ചാവ് എത്തിച്ചത്.
മൻസൂറിനെ ജൂൺ ആറിന് കൂട്ടിക്കടയിലെ വീട്ടിൽനിന്ന് വാഹനം സഹിതം പിടികൂടിയിരുന്നു. അൻസർ രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എയർപോർട്ടുകളിൽ ലുക്കൗട്ട് സർക്കുലർ അടക്കം പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റ് ഭയന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയും അതിനിടയിൽ മുംബൈ എയർപോർട്ട് വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്യവെയാണ് എക്‌സൈസ് പിടിയിലായത്. നേരത്തേ അറസ്റ്റിലായ എല്ലാ പ്രതികളും നിലവിൽ റിമാൻഡിലാണ്.
കേസിൽ സാമ്പത്തികാന്വേഷണം അടക്കം അന്തർസംസ്ഥാന ബന്ധങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.