മോഷണക്കേസിൽ പിടിയിലായയാൾ 150 കേസിൽ പ്രതി
text_fieldsകോഴിക്കോട്: കടകളിൽ മോഷണം നടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതി പുതുപ്പാടി ചാമപ്പുരയിൽ സക്കരിയ എന്ന റഷീദ് (41) കേരളത്തിലും കർണാടകയിലും തുടർ മോഷണങ്ങൾ നടത്തിയ ആളെന്ന് പൊലീസ്. ബുധനാഴ്ച പുലർച്ച രണ്ടരയോടെയാണ് കോട്ടപ്പറമ്പ് റോഡിലെ മൂന്ന് ഇലക്ട്രിക് കടകൾ കുത്തിത്തുറന്ന് 45000 രൂപയും മൊബൈൽ ഫോണുകളും മോഷ്ടിച്ചതിനാണ് സക്കരിയ പിടയിലായത്.
ഫെഡ്എക്സ് ഇലക്ട്രിക്കൽസ്, ഈസ്റ്റ് കോട്ടപ്പറമ്പ് റോഡിലെ രാജേശ്വർ കേബിൾ ആൻഡ് ഇലക്ട്രിക്കൽ, ലഗാരോ ഇന്റർനാഷണൽ എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. കടയുടമകൾ നൽകിയ പരാതിയിൽ കസബ പൊലീസ് സി.സി.ടി.വി ദൃശ്യം പരിശോധിച്ച് സൈബർസെൽ സഹായത്തോടെ സുൽത്താൻ ബത്തേരിയിൽവെച്ച് അറസ്റ്റ് ചെയ്ത സക്കരിയ റിമാൻഡിലാണ്. കേരളത്തിൽ മാത്രം ഇയാൾക്കെതിരെ 150 കേസുകളുണ്ടെന്ന് എ.സി.പി കെ.ജി. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു
മോഷണത്തിനിറങ്ങും മുമ്പ് കടകൾ നേരത്തേ കണ്ടുവെച്ചാണ് കൃത്യത്തിനിറങ്ങുക. മോഷണം നടത്താൻ തീരുമാനിക്കുന്ന ദിവസം സമീപത്ത് തിയറ്ററിൽ നൈറ്റ് ഷോക്ക് കയറും. സിനിമ ടിക്കറ്റിന്റെ ഭാഗം കൈയിൽ സൂക്ഷിക്കും.
പുലർച്ച കറങ്ങിനടക്കുമ്പോൾ പൊലീസിനെ കബളിപ്പിക്കാനാണ് സിനിമ ടിക്കറ്റ് കൈയിൽ വെക്കുന്നത്. തുടർന്ന് കടകളും മറ്റും കുത്തിത്തുറന്ന് മോഷ്ടിക്കും. 14 വയസ്സ് മുതൽ മോഷണം പതിവാക്കിയ പ്രതി കഴിഞ്ഞ ജൂണിൽ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ശിക്ഷ പൂർത്തിയാക്കി ഇറങ്ങിയ ശേഷമാണ് കോഴിക്കോട്ട് മോഷണം നടത്തിയത്.
മുക്കം, താമരശ്ശേരി, പരപ്പനങ്ങാടി, മണ്ണാർക്കാട്, ഫറോക്ക്, മീനങ്ങാടി തുടങ്ങി 15 പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കസബ എസ്.ഐ. ജഗ്മോഹൻ ദത്തൻ, എസ്.സി.പി.ഒ സുധർമൻ, സജേഷ്, എസ്.സി.പി.ഒമാരായ ഷാലു, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.