ബിന്ദു അമ്മിണിയെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsകോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗെസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ നടുറോഡിൽ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശിയും വെള്ളയിൽ തൊടിയിൽ പ്രദേശത്ത് താമസക്കാരനുമായ മോഹൻദാസിനെയാണ് (52) വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽനിന്ന് ഓട്ടോയിൽ കയറി പോകുന്നതിനിടെ പിടികൂടിയതാണെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് ബീച്ചിൽ ബുധനാഴ്ച വൈകീട്ടാണ് ബിന്ദുവിനെ ആക്രമിച്ചത്. പ്രതി മോഹൻദാസ് സജീവ ആർ.എസ്.എസ് പ്രവർത്തകനാണ്. മുൻ മുഖ്യ ശിക്ഷകാണ്. കഴിഞ്ഞയാഴ്ച്ച വെള്ളയിലുണ്ടായ സി.പി.എം - ആർ.എസ്.എസ് സംഘർഷത്തിൽ ഇയാളുണ്ടായിരുന്നു. ബിന്ദുവിന്റെ മർദനത്തിൽ തലക്കും തുടയിലും പരിക്കേറ്റതായും താൻ പ്രതിരോധിച്ചതാണെന്നും പ്രതി പരാതിപ്പെട്ടു. ബിന്ദുവിനെതിരെ പരാതി നൽകിയെന്ന് മോഹൻ ദാസിന്റെ ഭാര്യ റീജ അറിയിച്ചു.
പ്രതി മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനക്കുപോലും ബുധനാഴ്ച വെള്ളയിൽ പൊലീസ് തയാറായില്ലെന്ന ആക്ഷേപമുണ്ട്. മോഹൻ ദാസിനെതിരെ മൂന്നു വകുപ്പുകളാണ് ചുമത്തിയത്. അടിപിടി, സ്ത്രീകളെ അധിക്ഷേപിക്കൽ, ക്രിമിനൽ ഉദ്ദേശ്യത്തോടെ സ്ത്രീകൾക്കുനേരെയുള്ള കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിഷേധമുയർന്നതിനെ തുടർന്നാണ് സ്ത്രീകളെ ക്രിമിനൽ ഉദ്ദേശ്യത്തോടെ കൈയേറ്റം ചെയ്യൽ എന്ന വകുപ്പ് ചേർക്കാൻ പൊലീസ് തയാറായത്.
വ്യാഴാഴ്ച രാവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവടക്കം പ്രമുഖർ ആക്രമണത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരുന്നു. വനിത കമീഷൻ അധ്യക്ഷ പി. സതീദേവിയും വിവിധ സാമൂഹിക പ്രവർത്തകരും വിഷയത്തിലിടപെട്ടിരുന്നു. തുടർന്നാണ് പൊലീസ് ഉണർന്നുപ്രവർത്തിക്കാൻ തയാറായത്. ആക്രമണമുണ്ടാകുന്നതിനു മുമ്പ് ചിലർ തന്നെ പിന്തുടരുകയും ബിന്ദു അമ്മിണിയല്ലേ എന്ന് ചോദിക്കുകയും 'നമ്മുടെ സ്വന്തം ചേച്ചിയാണെന്ന്' കളിയാക്കുകയും ചെയ്തതായി ബിന്ദു പറഞ്ഞു.
ഇതിനു പിന്നാലെ തന്റെ സ്റ്റേഷൻ പരിധിയായ കൊയിലാണ്ടിയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിവരമറിയിച്ചിരുന്നു. എന്നാൽ, തന്റെ പരിധിയിലല്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.