യുവതിയെ കൊന്ന് വീട്ടിലൊളിപ്പിച്ച ശേഷം നേപ്പാളിലേക്ക് കടന്നയാൾ പിടിയിൽ
text_fieldsഎറണാകുളത്ത് വീട്ടിനുള്ളിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കൂടെ താമസിച്ചിരുന്ന റാം ബഹാദൂർ ബിസ്ത്(45) പിടിയില്‍. എറണാകുളം സിറ്റി പൊലീസ് കേന്ദ്ര ആഭ്യന്തര വകുപ്പു വഴി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേപ്പാൾ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. നേപ്പാളിൽ ഒളിവിൽ കഴിയുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും നേപ്പാളി സ്വദേശിനി ഭാഗീരഥി ധാമിയെ ഇയാൾ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടില്‍ അഴുകിയ നിലയിലായിരുന്നു നേപ്പാളി സ്വദേശിയായ ഭഗീരഥി ധാമിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു. യുവതിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ഒറ്റമുറി വീട്ടിൽ ദമ്പതികൾ എന്ന പേരിലാണ് ഒന്നര വർഷമായി ഇവർ വാടകയ്ക്കു താമസിച്ചിരുന്നത്. ലക്ഷ്മി എന്ന പേരിലാണ് ഭാഗീരഥി കഴിഞ്ഞിരുന്നത്. ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് പറഞ്ഞിരുന്നത്. ഇരുവർക്കും ഇടയിൽ കലഹം പതിവായതോടെ വീട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതിനിടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ഓഫ് ചെയ്ത ശേഷമാണ് പ്രതി മുങ്ങിയത്.
പ്രതിയെ കൈമാറുന്നതു സംബന്ധിച്ചുള്ള സാങ്കേതിക തടസങ്ങൾ ഇയാളെ നേപ്പാളിൽ നിന്ന് കേരളത്തിൽ എത്തിക്കാൻ തടസമായേക്കും. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എറണാകുളം സിറ്റി പൊലീസിന്റെ അഞ്ച് അന്വേഷണ സംഘങ്ങൾ ഇയാളുടെ ഒളിത്താവളങ്ങൾ തേടിയുള്ള അന്വേഷണത്തിലായിരുന്നു. ഡൽഹിയിലും ഉത്തരാഖണ്ഡിലും സംഘങ്ങൾ തമ്പടിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് കൊല്ലപ്പെട്ട ഭാഗീരഥി ധാമിയുടെ ബന്ധുക്കൾ വിവരങ്ങൾ പൊലീസിനു കൈമാറിയിരുന്നു.
ഡൽഹിയിൽ പ്രതി എത്തിയതായി ഫോൺ സിഗ്നൽ വിവരങ്ങൾ ലഭിച്ചിരുന്നു. ഇയാൾ മൊബൈൽ സിംകാർഡ് ഉപേക്ഷിച്ചെങ്കിലും പുതിയ സിംകാർഡ് വാങ്ങി പഴയ ഫോണിൽ ഇട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.