പട്ടാളക്കാരനാണെന്ന് പരിചയപ്പെടുത്തിയയാൾ കർഷകനിൽ നിന്ന് 40000 രൂപ തട്ടി
text_fieldsഅടിമാലി: മൂന്നാറില്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണമൊരുക്കാന്‍ പച്ചക്കറി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചയാള്‍ വ്യാപാരിയെ കബളിപ്പ് 40,000 രൂപ തട്ടിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച അടിമാലി ഇരുന്നൂറേക്കറിലെ പച്ചക്കറി വ്യാപാരിയില്‍നിന്നാണ് പണം കവര്‍ന്നത്.
വാഹനത്തിലെത്തിയ ഹിന്ദി സംസാരിക്കുന്നയാള്‍ താൻ പട്ടാളക്കാരനാണെന്നും മൂന്നാറിൽ ട്രെയിനിങ് നടക്കുന്നിടത്തേക്ക് പച്ചക്കറി വേണമെന്നും പറഞ്ഞ് പരിചയത്തിലാകുകയും ഫോണ്‍ നമ്പര്‍ വാങ്ങി പോകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തൊട്ടടുത്ത ദിവസം ഒരു സ്ത്രീ വിളിച്ച് കഴിഞ്ഞ ദിവസം ഫോണ്‍ നമ്പര്‍ വാങ്ങിയ പട്ടാള ഓഫിസര്‍ പറഞ്ഞതിനെ തുടർന്ന് പച്ചക്കറിക്ക് ഓര്‍ഡര്‍ നല്‍കാനാണ് വിളിച്ചതെന്നും സാധനങ്ങള്‍ പായ്ക്ക് ചെയ്ത് വെക്കാനും വാഹനം എത്തി ഇവ ശേഖരിക്കുമെന്നും അറിയിച്ചു.
രണ്ട് മണിക്കൂറിനുശേഷം ഇവർ വീണ്ടും വിളിച്ച് ഗൂഗ്ൾ പേ വഴി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് അറിച്ചു. എന്നാല്‍, ഫണ്ട് ട്രാന്‍സ്ഫര്‍ ആകുന്നില്ലെന്നും അക്കൗണ്ട് വഴി ഫണ്ട് കൈമാറാമെന്നും ഇതിനായി എ.ടി.എം കാർഡ് നമ്പർ വേണമെന്നും വീണ്ടും വിളിച്ച് ആവശ്യപ്പെട്ടു. നമ്പർ നൽകി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണിലേക്ക് ഒരു ഒ.ടി.പി വന്നു. പിന്നീട് വിളിച്ചപ്പോൾ ഫണ്ട് ട്രാന്‍സ്ഫര്‍ ആകുന്നതിന് ഒ.ടി.പി നമ്പർ കൂടി പറയാന്‍ ആവശ്യപ്പെട്ടു. വ്യാപാരി നമ്പർ നൽകുകയും ചെയ്തു.
പിന്നാലെ രണ്ട് ഘട്ടത്തിലായി 40,000 രൂപ അക്കൗണ്ടിൽനിന്ന് നഷ്ടമാകുകയായിരുന്നുവെന്ന് വ്യാപാരി പറയുന്നു. തന്നെ വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ലഭ്യമായില്ല. സമാനമായ രീതിയില്‍ രണ്ടു മാസം മുമ്പ് ആനവിരട്ടിയിലും മൂന്നാര്‍ രണ്ടാംമൈലിലുമായി ഹോട്ടൽ ഉടമകളെ തട്ടിപ്പിന് ഇരയാക്കിയിരുന്നു. തട്ടിപ്പിന് പിന്നിൽ വൻ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.