ഭാര്യയെ കൊന്നയാൾക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം പിഴയും
text_fieldsതലശ്ശേരി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. ഇരിക്കൂർ വെള്ളാച്ചേരിയിലെ വി.സി. അബ്ദുൽ റഹൂഫിനെ (55) യാണ് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. കണ്ണപുരം ചെറുകുന്നിലെ റഷീദ ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് 42 കാരിയായ ഭാര്യ പി.കെ. റംലത്തിനെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെണാണ് പ്രോസിക്യൂഷൻ കേസ്.
2014 മേയ് 30 ന് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. 23 വർഷം മുമ്പാണ് പ്രതി റംലത്തിനെ വിവാഹം കഴിച്ചത്. മൂന്ന് മക്കളുണ്ട്. കുറച്ചു കാലമായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. പാപ്പിനിശ്ശേരിയിലെ പി.കെ. ഷാഹുൽ ഹമീദിന്റെ പരാതി പ്രകാരമാണ് പൊലീസ് സംഭവത്തിൽ കേസെടുത്തത്.
പുതിയ പുരയിൽ മുസ്തഫ, എ.സി. മുഹമ്മദ് കുഞ്ഞി, സി.വി. രഞ്ജിത്ത്, ഫോട്ടോഗ്രാഫർ നികേഷ്, പൊലീസ് ഓഫിസർമാരായ വി. ഉണ്ണികൃഷ്ണൻ, ടി. രവീന്ദ്രൻ, ശ്രീജ, രമേശൻ, കുഞ്ഞിരാമൻ, യോഗേഷ്, സയന്റിഫിക് കെ. ദീപേഷ്, വില്ലേജ് ഓഫിസർ എം. പി. പത്മനാഭൻ, പഞ്ചായത്ത് സെക്രട്ടറി പി.കെ. പ്രേമൻ, കണ്ണൂർ കോടതിയിലെ സുരേഷ് കുമാർ, ഫോറൻസിക് സർജ്ജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ല ഗവ.പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.