ആഷിഖിന്‍റെ മരണത്തിലെ ദുരൂഹത നീക്കണം; മോഡലുകളെ കാണുന്നത് സംഭവ ദിവസമെന്ന് സഹോദരൻ
text_fieldsമോഡലുകൾക്കൊപ്പം കൊച്ചിയിൽ അപകടത്തിൽപ്പെട്ട ആഷിഖിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരൻ കെ.എം അൻഷാദ്. അപകടത്തിൽപ്പെട്ട കാർ ഒാടിച്ചിരുന്ന അബ്ദുറഹ്മാന്‍റെ കൂടെയാണ് ആഷിഖ് എറണാകുളത്തേക്ക് പോയത്. മരിച്ച മോഡലുകളെ അന്നാണ് ആഷിഖ് ആദ്യം കാണുന്നത്. അബ്ദുറഹ്മാനും ആഷിഖും ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരാണ്. അബ്ദുറഹ്മാൻ വിളിച്ചത് പ്രകാരമാണ് ആഷിഖ് സുഹൃത്തിനെ കാണാൻ കൊച്ചിയിലെത്തിയതെന്നും അൻഷാദ് വ്യക്തമാക്കി.
ഹോട്ടൽ ഉടമ ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹതയുണ്ട്. പരിയചമില്ലാത്ത ആളുകളാണ് പിന്തുടർന്നത്. മോഡലുകളുടെ മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായാണ് പൊലീസ് പറഞ്ഞത്. മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുംവരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ അൻഷാദ് പറഞ്ഞു.
ഒമാനിൽ ജോലി ചെയ്തിരുന്ന ആഷിഖ് ലോക്ഡൗൺ കാലത്താണ് നാട്ടിലെത്തിയത്. തുടര്‍ന്ന് പുനെയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു. അപകടം നടക്കുന്നതിന് 15 ദിവസം മുമ്പാണ് ആഷിഖ് നാട്ടിലെത്തിയത്. സുഹൃത്തുക്കളെ കാണാന്‍ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആഷിഖിന്‍റെയും അൻഷാദിന്‍റെയും മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു.
നവംബർ ഒന്നിന് പുലർച്ചെയാണ് ഇടപ്പള്ളി -പാലാരിവട്ടം ബൈപാസിൽ മുൻ മിസ് കേരള അൻസി കബീറും മുൻ റണ്ണറപ്പ് അഞ്ജന ഷാജനും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി.ജെ. പാർട്ടിക്ക് ശേഷം മടങ്ങവെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്റഫിന്‍റെ മകൻ കെ.എം. മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയിലും മരിച്ചു. കാർ ഡ്രൈവറും മാള സ്വദേശി അബ്ദുറഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് അബ്ദുറഹ്മാൻ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമ റോയ് ജോസഫ് വയലാട്ടിലും ജീവനക്കാരും അടക്കം ആറു പേരെ അറസ്റ്റ് ചെയ്തു. പിന്നീട് മോഡലുകളുടെ കാറിനെ അമിതവേഗത്തിൽ പിന്തുടർന്ന സൈജു തങ്കച്ചനും അറസ്റ്റിലായി. കേസിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.