മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കുന്നയാൾ പിടിയിൽ
text_fieldsമാവേലിക്കര: മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ചെത്തി മാല പൊട്ടിക്കുന്ന യുവാവ് പിടിയിൽ. ആലപ്പുഴ വണ്ടാനം കാട്ടുമ്പുറം വെളിയിൽ വീട്ടിൽ ഫിറോസ് (കോയ മോൻ -36) ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശിനി ഗീതാകുമാരിയുടെ ഏഴുപവന്റെ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഇയാൾ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അടൂർ സ്വദേശി ഓൺലൈനായി വിറ്റ ബൈക്കിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിൽ ഫിറോസ് പിടിയിലാകുകയായിരുന്നു. ഇയാൾ മാന്നാറിലെ ലോഡ്ജിലായിരുന്നു താമസം. കഴിഞ്ഞ ചൊവ്വാഴ്ച അടൂർ പറക്കോട് ഗ്യാസ് സ്റ്റേഷൻ പരിസരത്തുവെച്ച് അശ്വതിയെന്ന യുവതിയുടെ മൂന്നുപവന്റെ മാല പൊട്ടിച്ചതും ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. കായംകുളം കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമപുരം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ 4.5 പവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ ജയിലിൽ കഴിഞ്ഞുവരുകയായിരുന്നു. സെപ്റ്റംബർ 26നാണ് കോടതി സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. മുപ്പതോളം കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയിൽനിന്നും അടൂർ സ്വദേശിനിയുടെ മാലയുടെ പൊട്ടിയ ഭാഗവും മോഷ്ടിച്ച ബൈക്കും സ്വർണം വിറ്റുകിട്ടിയ 1.28 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ചെട്ടികുളങ്ങരയിൽ നിന്ന് കവർന്ന മാല ചെങ്ങന്നൂരിലെ ഒരു ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു.
മാവേലിക്കര ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്.ഐ മുഹ്സിൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനു വർഗീസ്, ലിമു മാത്യു, ജി.പ്രദീപ്, ബിജു മുഹമ്മദ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ ഭാസ്കർ, എസ്. സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.