കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂര മർദനമെന്ന്
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര സബ് ജയിലിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ ക്രൂര മർദനത്തിന് വിധേയനാക്കിയതായി പരാതി. മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിെൻറ അടിയന്തര റിപ്പോർട്ടും ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം സമർപ്പിക്കാൻ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
ജയിലിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ് ചാർജ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ എത്തിച്ചപ്പോഴാണ് പ്രതി തനിക്ക് കൊട്ടാരക്കര സബ് ജയിലിൽ നേരിടേണ്ടി വന്ന മർദനവും പീഡനവും തുറന്നുപറഞ്ഞത്. പുനലൂർ തെന്മല സ്വദേശി വിഷ്ണുഭവനത്തിൽ വിഷ്ണു ദശപുത്രനാണ് മർദനവും പീഡനവും ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും ഏൽക്കേണ്ടി വന്നതെന്ന് ജഡ്ജിക്ക് മുന്നിൽ മൊഴി നൽകിയത്. തുടർന്ന് പൊലീസ് ആവശ്യപ്പെട്ട ജുഡീഷ്യൽ കസ്റ്റഡി കോടതി നിരസിച്ചു.
ഓണക്കാലത്ത് പുനലൂർ സ്റ്റേഷൻ പരിധിയിൽ പൊലീസ് ജീപ്പിന് കല്ലെറിഞ്ഞു എന്ന കേസിലാണ് വിഷ്ണുവിനെ പുനലൂർ പൊലീസ് കേസ് ചാർജ് ചെയ്ത് പിടികൂടുന്നത്. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിൽ പാർപ്പിച്ചുവരുകയായിരുന്നു. സെപ്റ്റംബർ അഞ്ചിന് നഖം വെട്ടുന്നത് താമസം വന്നതുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥനായ നിമിഷ് ലാലും പ്രതി വിഷ്ണുവുമായി വാക്കുതർക്കം ഉണ്ടാവുകയും ബലപ്രയോഗം നടന്നതായും ബന്ധപ്പെട്ട് പൊലീസ് മറ്റൊരു കേസ് കൂടി വിഷ്ണുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അന്നേദിവസം ജയിലിനുള്ളിൽ പേര് അറിയാവുന്ന അഞ്ച് ജയിൽ പൊലീസ് ഉദ്യോഗസ്ഥരും കണ്ടാലറിയുന്ന 10 ഉദ്യോഗസ്ഥരും ചേർന്ന് പല തവണയായി മർദിച്ചെന്നാണ് പ്രതിയുടെ മൊഴി.
മർദനശേഷം അവശനായ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിൽ ആശുപത്രിയിലും പിന്നീട് ജയിലിലും പാർപ്പിച്ചുവരുമ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയത്. ഒടിഞ്ഞ വലതുകൈ വീണ്ടും ജയിൽ കമ്പികൾക്കിടയിലൂടെ പിടിച്ചുവളച്ചെന്നും നട്ടെല്ലിന് ക്ഷതം ഏറ്റെന്നും പ്രതി ആരോപിക്കുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ റിമാൻഡിൽ കഴിഞ്ഞ പ്രതിയെ മർദിച്ച നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. തെളിവെടുപ്പിന്റെ പേരിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതി നിരസിച്ചു. വിഷ്ണു നേരേത്ത നിരവധി കേസുകളിൽ പ്രതിയാണെന്നും ജയിൽ ജീവനക്കാരനായ നിമിഷ് ലാലിനെ മർദിച്ചതായും മറ്റു തടവുകാരെ ഭീഷണിപ്പെടുത്തിയതായും ഉള്ള സംഭവങ്ങൾ ഉന്നയിച്ചാണ് കൊട്ടാരക്കര പൊലീസ് പുതിയ കേസ് എടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.