തളർന്ന് കിടപ്പിലായ വയോധികയെ കൊന്ന കേസിൽ മകൻ അറസ്റ്റിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്
text_fieldsവടക്കഞ്ചേരി: പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായ വയോധിക കൊല്ലപ്പെട്ട കേസിൽ മകൻ പൊലീസ് പിടിയിൽ. മംഗലംഡാമിന് സമീപം രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷൈജുവിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന മേരിയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നതിനെത്തുടര്‍ന്ന് മേരി കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. മേരിയും ഷൈജുവും മാത്രമാണ് അട്ടവാടിയിലെ വീട്ടിലുള്ളത്. രാത്രിയില്‍ ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടായെന്നും പിന്നാലെ മേരിയെ ഷൈജു മര്‍ദിച്ചെന്നും തെളിഞ്ഞു.
മര്‍ദനത്തിനിടെ മേരിയുടെ തല ഭിത്തിയിലിടിച്ച് പൊട്ടി. തലക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രക്തം പുരണ്ട വസ്ത്രം ഉള്‍പ്പെടെ മാറ്റിയ ശേഷം ഷൈജു തന്നെയാണ് അയൽവാസികളോട് വിവരം പറയുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്മ കട്ടിലിൽനിന്നു വീണ് പരിക്കു പറ്റി എന്നുപറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
തെളിവ് നശിപ്പിക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. മേരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.
ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ, ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരൻ, വടക്കഞ്ചേരി സി.ഐ എ. ആദംഖാൻ, നെന്മാറ സി.ഐ എം. മഹേന്ദ്രസിംഹൻ, മംഗലംഡാം എസ്.ഐ ജമേഷ് എന്നിവരും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുത്തു.
മേരിയുടെ സഹോദരങ്ങൾ: ജോണി, ജോൺസൺ, അന്നക്കുട്ടി, ഏല്യാമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.