ആ ദുരഭിമാനക്കൊലയിൽ 'ഒറ്റുകാരനായത്' മൊബൈൽ ഫോൺ; കൊലപാതകികൾ ഇരയിലേക്ക് എത്തിയത് ഈ രണ്ട് ആപ്പുകൾ വഴി
text_fieldsഹൈദരാബാദ്: ഈമാസമാദ്യം ഏറെ വാർത്താപ്രാധാന്യം നേടിയ ദുരഭിമാനക്കൊലയായിരുന്നു ഹൈദരാബാദിലെ നാഗരാജു എന്ന 25കാരനായ ദലിത് യുവാവിന്റേത്. അഷ്റിൻ സുൽത്താനയെന്ന 21കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച നാഗരാജുവിനെ അവളുടെ സഹോദരനും ബന്ധുവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മേയ് നാലിന് ഹൈദരാബാദിലെ സരൂര്‍നഗറിലായിരുന്നു സംഭവം. നാഗരാജുവിനെ കൊന്ന കേസിൽ അഷ്റിന്റെ സഹോദരൻ സയ്യിദ് മൊബിന്‍ അഹമ്മദ്, സഹോദരീ ഭർത്താവ് മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇനിയുള്ള കാലം ഭർത്താവിന്റെ വീട്ടിൽ കഴിയാൻ തീരുമാനമെടുത്ത അഷ്റിൻ മർപ്പള്ളിയിലെ നാഗരാജുവിന്റെ കുടുംബ വീട്ടിൽ കഴിയുകയാണിപ്പോൾ.
വിവാഹത്തിനുശേഷം അഷ്റിന്റെ വീട്ടുകാരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതിനാൽ ഇരുവരും ഒളിച്ചുതാമസിക്കുന്നതിനിടെയാണ് നാഗരാജു കൊല്ലപ്പെടുന്നത്. മൊബൈൽ ഫോൺ വഴി തങ്ങളെ കണ്ടുപിടിക്കാതിരിക്കാൻ തന്റെ ഫോൺ സ്വന്തം വീട്ടിൽ ഉപേക്ഷിച്ചാണ് അഷ്റിൻ നാഗരാജുവിനൊപ്പം ഇറങ്ങിപ്പോയത്. നാഗരാജു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും സിംകാർഡും നശിപ്പിച്ചിരുന്നു. അഷ്റിന്റെ വീട്ടുകാർക്ക് തങ്ങളെ കുറിച്ച് ഒരു സൂചനയും ലഭിക്കാതിരിക്കാൻ പുതിയ ഫോണും സിമ്മും എടുക്കുകയും ചെയ്തു. പഞ്ചാല അനിൽകുമാർ കോളനിയിലെ താമസസ്ഥലത്തിന്റെ വിവരങ്ങൾ മർപ്പള്ളിയിലെ അടുത്ത സുഹൃത്തുക്കളോടുപോലും പറഞ്ഞിരുന്നില്ല.
തങ്ങളെ കണ്ടുപിടിക്കാതിരിക്കാനുള്ള മുൻകരുതലുകളെല്ലാം എടുത്തിട്ടും മൊബിനും മസൂദും ഇരുവരെയും കൃത്യമായി എങ്ങിനെ കണ്ടെത്തിയെന്നത് തുടക്കത്തിൽ അന്വേഷണസംഘത്തെ കുഴക്കിയിരുന്നു. നാഗരാജുവിന്റെ മൊബൈൽ ഫോണിന്റെ വിവരങ്ങൾ ചോർത്തിയാണ് മൊബിൻ അത് സാധിച്ചതെന്ന് കണ്ടെത്തിയത് പൊലീസിനെ അത്ഭുതപ്പെടുത്തുകയും ചെയ്തു. കാരണം, ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള മൊബിൻ മൊബൈൽ സാങ്കേതിക പരിജ്ഞാനമുള്ള ആളല്ല. എന്നിട്ടും സർവസാധാരണമായ രണ്ട് ഗൂഗ്ൾ ആപ്പുകൾ വഴി അടുത്ത സുഹൃത്തുക്കൾക്കുപോലും എവിടെയെന്ന് അറിയാത്ത നാഗരാജുവിനെ കണ്ടെത്താൻ മൊബിന് സാധിച്ചു എന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തിയത്.
നാഗരാജു ജോലി ചെയ്യുന്ന കാര്‍ ഷോറൂം മൊബിനും മസൂദിനും അറിയാമായിരുന്നെങ്കിലും സി.സി.ടി.വി കാമറകളും മറ്റുമുള്ളതിനാൽ അതിന്റെ പരിസരത്തുവെച്ച് കൃത്യം നടത്താൻ കഴിയുമായിരുന്നില്ല. അടുത്ത സുഹൃത്തുക്കളോട് അന്വേഷിച്ചിട്ടുപോലും നാഗരാജുവും അഷ്റിനും താമസിക്കുന്നത് എവിടെയെന്ന് കണ്ടെത്താൻ കഴിയാതിരുന്നിട്ടും മൊബിൻ ശ്രമങ്ങൾ തുടരുകയായിരുന്നു. മുമ്പ് മൊബിന്റെ ആൻഡ്രോയ്ഡ് ഫോൺ കാണാതെ പോയപ്പോൾ ആരോ 'ഫൈൻഡ് മൈ ഡിവൈസ്' (Find My Device) എന്ന ഗൂഗ്ൾ ആപ്പ് ഉപയോഗിച്ച് കണ്ടെത്താൻ ഉപദേശിച്ചിരുന്നു. കാണാതാകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്ന മൊബൈൽ ഫോണുകൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്പ് ആണിത്. നാഗരാജുവിന്റെ മൊബൈൽ ഫോൺ കണ്ടെത്താനും ഈ ആപ്പ് സഹായിക്കുമെന്ന് മൊബിന് മനസ്സിലായി.
രണ്ട് മാർഗങ്ങളിലൂടെയാണ് ഈ ആപ്പ് ഉപയോഗിച്ച് മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയുക. ഒന്നുകിൽ ഉപയോക്താവ് തന്റെ ആൻഡ്രോയ്ഡ് ഫോൺ സെറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇ-മെയിൽ ഐ.ഡി വഴി അല്ലെങ്കിൽ ഫോൺ നമ്പർ വഴി. നാഗരാജുവിന്റെ പുതിയ നമ്പർ അറിയാത്തതിനാൽ മൊബിൻ ഇ-മെയിൽ ഐ.ഡി കണ്ടെത്താനുള്ള ശ്രമത്തിലായി. നാഗരാജുവിന്റെ പഴയ മൊബൈൽ നമ്പർ 'ട്രൂ കോളർ' (True-caller) ആപ്പിൽ അടിച്ചുനോക്കി മൊബിൻ ഇ-മെയിൽ ഐ.ഡി കണ്ടെത്തി. നിർഭാഗ്യവശാൽ തന്റെ പുതിയ ഫോൺ സെറ്റ് ചെയ്യുന്നതിനും നാഗരാജു ഈ മെയിൽ ഐ.ഡി തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഒരേ മെയിൽ ഐ.ഡി ഉപയോഗിച്ച് സെറ്റ് ചെയ്തിരിക്കുന്ന എല്ലാ ഫോണുകളും കണ്ടെത്താൻ 'ഫൈൻഡ് മൈ ഡിവൈസ്' ആപ്പ് വഴി കഴിയുകയും ചെയ്യും.
മെയിൽ ഐ.ഡി ലഭിച്ചതോടെ അതിന്റെ പാസ്വേർഡ് കണ്ടെത്താനായി മൊബിന്റെ ശ്രമം. അവിടെയും ഭാഗ്യം നാഗരാജുവിനെ തുണിച്ചില്ല. നാഗരാജു നൽകാൻ സാധ്യതയുള്ള ചില പാസ്വേർഡുകൾ ഊഹിച്ചുനോക്കി പരീക്ഷിക്കുകയാണ് മൊബിൻ ചെയ്തത്. നാഗരാജുവിന്റെ പഴയ മൊബൈൽ നമ്പർ അടിച്ചുനോക്കിയപ്പോൾ അത് ശരിയാകുകയും പുതിയ ഫോണിന്റെ ലൊക്കേഷൻ ലഭിക്കുകയും ചെയ്തു. തുടർന്നാണ് മേയ് നാലിന് ലിങ്കം എന്ന ബന്ധുവിന്റെ വീട്ടിൽനിന്ന് അഷ്റിനുമായി പോകുമ്പോൾ മൊബിനും മസൂദും ചേർന്ന് നാഗരാജുവിനെ തടയുന്നതും ഇരുമ്പുവടി കൊണ്ട് തലക്കടിച്ചും മറ്റൂം ക്രൂരമായി കൊല്ലുന്നതും. നാഗരാജു മൊബൈൽ സെറ്റ് ചെയ്യാൻ പുതിയൊരു മെയിൽ ഐ.ഡി ഉപയോഗിക്കുകയോ പഴയ മെയിലിന്റെ പാസ്വേർഡ് മാറ്റുകയോ ചെയ്തിരുന്നെങ്കിൽ ഈ ആപ്പുകൾ വഴി ഒരിക്കലും കണ്ടെത്താൻ കഴിയുമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.