സ്റ്റാർ ഹോട്ടൽ കള്ളന് പറയാനുള്ളത് പ്രതികാര കഥ; മോഷണം നടത്തുന്നത് പകരംവീട്ടാനെന്ന് പൊലീസ്
text_fieldsപഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ കള്ളനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. ഇയാളുടേത് പ്രതികാര മോഷണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണ്‍(63) ആണ് പഞ്ചനക്ഷത്ര ഹോട്ടലുകളോടുള്ള തന്റെ പ്രതികാരത്തിന്റെ കഥ വെളിപ്പെടുത്തിയത്.
തിരുവനന്തപുരത്തെ ഹോട്ടലില്‍ താമസിച്ച് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് വിന്‍സെന്റിനെ കഴിഞ്ഞദിവസം കൊല്ലത്തുനിന്ന് പോലീസ് പിടികൂടിയത്. ഹോട്ടലില്‍നിന്ന് മോഷ്ടിച്ച ലാപ്‌ടോപ്പ് ഇയാള്‍ കൊല്ലത്ത് 15,000 രൂപയ്ക്ക് മറിച്ചുവില്‍ക്കുകയായിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഹോട്ടലില്‍നിന്ന് കൈക്കലാക്കിയ രണ്ടായിരം രൂപയുടെ മദ്യക്കുപ്പിയും ഇയാള്‍ കൊല്ലത്ത് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ച് അവരുടെ ലാപ്‌ടോപ്പുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാണ് ഹോട്ടലില്‍ മുറിയെടുക്കുക. തെരിനാഥന്‍, വിജയ്കാരന്‍, മൈക്കല്‍ ജോസഫ്, ദിലീപ് സ്റ്റീഫന്‍, മൈക്കല്‍ ഫെര്‍ണാണ്ടോ, രാജീവ് ദേശായി, എസ്.പി. കുമാര്‍, സഞ്ജയ് റാണെ തുടങ്ങിയ 11 കള്ളപ്പേരുകളും ഇയാള്‍ക്കുണ്ട്.
ഇംഗ്ലീഷ് മികച്ചരീതിയില്‍ കൈകാര്യം ചെയ്യുന്ന പ്രതി, തന്റെ വാക്ചാതുര്യം കൊണ്ട് ജീവനക്കാരെ കയ്യിലെടുക്കും. മുറിവാടകയും ഭക്ഷണത്തിന്റെ തുകയുമെല്ലാം മുറി ഒഴിവാക്കുന്നദിവസം അടയ്ക്കാമെന്നാണ് പറയുക. തുടര്‍ന്ന് ഹോട്ടലിലെ ഏറ്റവും ഉയര്‍ന്ന സൗകര്യങ്ങളുള്ള മുറിയില്‍ താമസിച്ച് വില കൂടിയ മദ്യവും മുന്തിയ ഭക്ഷണവുമെല്ലാം കഴിക്കും.
രണ്ടോ മൂന്നോ ദിവസത്തെ താമസത്തിന് ശേഷമാണ് ഹോട്ടലുകാരോട് ലാപ്‌ടോപ്പ് ചോദിക്കുക. തന്റെ ലാപ്‌ടോപ്പ് തകരാറിലായെന്നും അത്യാവശ്യമായി മറ്റൊരു ലാപ്‌ടോപ്പ് സംഘടിപ്പിച്ചുനല്‍കണമെന്നുമാണ് ആവശ്യപ്പെടാറുള്ളത്. തുടര്‍ന്ന് ഈ ലാപ്‌ടോപ്പുമായി ഹോട്ടലില്‍നിന്ന് മുങ്ങുന്നതാണ് പ്രതിയുടെ രീതി. ഹോട്ടലിലെ മറ്റു സാധനങ്ങളോ അതിഥികളുടെ മുറികളില്‍ കയറിയോ ഇയാള്‍ മോഷണം നടത്താറില്ലെന്നും പോലീസ് പറഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി തന്റെ പ്രതികാര കഥ വെളിപ്പെടുത്തിയത്. നേരത്തെ ടൂറിസ്റ്റ് ഗൈഡായി ജോലിചെയ്തിരുന്നയാളാണ് വിന്‍സെന്റ്. ഇതിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് അതിഥികളെ എത്തിച്ചുനല്‍കിയിരുന്നു. എന്നാല്‍ ചില ഹോട്ടലുകാര്‍ കമ്മിഷന്‍ നല്‍കാതെ പറ്റിച്ചതോടെയാണ് ഹോട്ടലുകാരെ പറ്റിച്ച് ജീവിക്കാന്‍ തീരുമാനിച്ചതെന്നും വിന്‍സെന്റ് വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വിന്‍സെന്റ് ജോണിനെതിരേ നിരവധി കേസുകളുണ്ട്. 2018-ല്‍ കൊല്ലത്തെ ഹോട്ടലില്‍ സമാനരീതിയില്‍ മോഷണം നടത്തിയതിന് ഇയാള്‍ പിടിയിലായിരുന്നു. കൊച്ചി കടവന്ത്ര, മരട്, പോലീസ് സ്‌റ്റേഷനുകളിലും തൃശ്ശൂരിലും വിന്‍സെന്റിനെതിരേ കേസുകളുണ്ട്.
ബെംഗളൂരു സിറ്റിയില്‍ മാത്രം നാല് കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കഴിഞ്ഞദിവസം വിന്‍സെന്റ് പിടിയിലായ വിവരമറിഞ്ഞ് ആന്ധ്രപ്രദേശിലെ അനന്തപുര്‍ പോലീസും കന്റോണ്‍മെന്റ് പോലീസിനെ ബന്ധപ്പെട്ടിരുന്നു. ഇയാൾക്കെതിരെ മുംബൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഇയാളെ കന്റോണ്‍മെന്റ് പോലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.