കസ്റ്റംസ് സൂപ്രണ്ട് സ്വർണം കൈമാറാൻ ശ്രമിച്ചത് 25,000 രൂപക്ക്; വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വിദേശ കറൻസിയും വിലകൂടിയ വാച്ചുകളും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന് പുറത്തുവെച്ച് കളളക്കടത്ത് സ്വർണം കൈമാറാനായി കാത്തുനിൽക്കവെയാണ് കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പൻ കരിപ്പൂർ പൊലീസിന്‍റെ പിടിയിലാകുന്നത്. പുലർച്ചെ 2.15ന് ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ രണ്ട് കാസർകോട് സ്വദേശികൾ എത്തിച്ച 320 ഗ്രാം സ്വർണം കരിപ്പൂരിന് പുറത്ത് യാത്രക്കാർക്ക് കൈമാറാനാണ് കസ്റ്റംസ് സൂപ്രണ്ട് ശ്രമിച്ചത്. ഉച്ചക്ക് 12 മണിയോടെ 25,000 രൂപ പ്രതിഫലത്തിന് സ്വർണം കൈമാറാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്.
കാസർകോട് സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുല്‍ നസീറും കെ.ജി. ജംഷീറും കൊണ്ടുവന്ന ലഗേജ് പരിശോധിച്ച ബി ഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനാണ് 640 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇതിൽ 320 ഗ്രാം മാത്രം കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ ഉത്തരവിട്ട ശേഷം ബാക്കിയുള്ള 320 ഗ്രാം കരിപ്പൂരിന് പുറത്ത് കൈമാറാൻ മുനിയപ്പനുമായി ധാരണയിലെത്തുകയായിരുന്നു.
രാവിലെ എട്ടിന് ഡ്യൂട്ടി കഴിഞ്ഞ ശേഷം തന്നെ വിളിക്കാൻ മുനിയപ്പൻ ഫോൺ നമ്പർ യാത്രക്കാർക്ക് നൽകുകയും ചെയ്തു. കൈവശം വെച്ച 320 ഗ്രാം ഉച്ചക്ക് വിമാനത്താവളത്തിന് പുറത്ത് വാടകക്ക് താമസിക്കുന്ന നുഹ്മാൻ ജങ്ഷനിലെ ലോഡ്ജിന് സമീപത്തുവെച്ച് യാത്രക്കാർ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് മുനിയപ്പനെയും യാത്രക്കാരെയും പൊലീസ് പിടികൂടുന്നത്. മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് യാത്രക്കാരെ പൊലീസ് പിന്തുടർന്നത്.
ദേഹപരിശോധനയില്‍ മുനിയപ്പന്‍റെ മടികുത്തില്‍ നിന്നും 320 ഗ്രാം സ്വർണവും താമസസ്ഥലത്ത് നിന്ന് കണക്കില്‍ പെടാത്ത 4,42,980 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 500 യു.എ.ഇ ദിര്‍ഹവും വില കൂടിയ വാച്ചുകളും മറ്റ് യാത്രക്കാരുടെ നാല് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും നിരവധി രേഖകളും പൊലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ മുനിയപ്പനെ വിശദമായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത തൊണ്ടിമുതലുകൾ കോടതിക്ക് കൈമാറും. കസ്റ്റംസ് സൂപ്രണ്ടന്‍റിനെതിരെ നടപടിക്ക് അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറുമെന്നും മലപ്പുറം എസ്.പി. അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.