വഞ്ചനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsകോഴിക്കോട്: വഞ്ചനക്കേസിൽ ജാമ്യമെടുത്ത് മുങ്ങി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ ഇരട്ടയാർ വട്ടമറ്റത്തിൽ വി.സി. ജോസഫാണ് (50) അറസ്റ്റിലായത്. ബംഗളൂരുവിലടക്കം വിവിധ പ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.
വീണ്ടും സാമ്പത്തിക തട്ടിപ്പിനായി തയാറെടുക്കുന്നതിനിടെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ, സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി, ശ്രീഹരി കെ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകാന്ത് എം.വി, ഹരീഷ് കുമാർ സി, ലെനീഷ് പി എന്നിവർ ചേർന്ന് ബംഗളൂരുവിൽനിന്ന് പ്രതിയെ തന്ത്രപരമായി കോഴിക്കോട്ടെത്തിച്ച് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ടെത്തിയ പ്രതി മറ്റൊരാളുടെ സഹായത്തിൽ പ്രമുഖ ഹോട്ടലിൽ വ്യാജ വിലാസത്തിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
പരാതിക്കാരനായ എറണാകുളം നായരമ്പലം വില്ലി ജോസഫിന് ബിസിനസ് ആവശ്യത്തിന് 15 കോടി രൂപ നൽകാമെന്ന് വിശ്വസിപ്പിച്ച് 32 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. കേരളത്തിലെ പല ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.