മോഷ്ടാക്കള്‍ പിടിയിൽ; ശാസ്ത്രീയപരിശോധനയിലൂടെയും സി.സി ടി.വി
text_fieldsവൈക്കം: ബൈക്കിൽ കറങ്ങി അമ്പലങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് അൻവർഷാ (23), കായംകുളം കാര്‍ത്തികപ്പള്ളി ശിവജി ഭവനം വീട്ടിൽ സരിത (28) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 24ന് വെച്ചൂരിലെ ക്ഷേത്രങ്ങളിലും പള്ളികപ്പേളയിലും അന്നുതന്നെ ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വൈക്കം മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയും കുത്തിത്തുറന്ന് പണം മോഷ്ടിച്ച് പോകുകയായിരുന്നു ഇരുവരും. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയപരിശോധനയിലൂടെയും സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുങ്ങിനടന്ന ഇരുവരെയും ഏറ്റുമാനൂരിൽ നിന്നാണ് പിടികൂടിയത്. ഇരുവരും നിരവധി മോഷണ ക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
അൻവർഷായും സരിതയും 2018 മുതല്‍ ഒരുമിച്ചായിരുന്നു താമസം. ഇരുവരും ബൈക്കിൽ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. ഇവര്‍ ഒരുസ്ഥലത്ത് സ്ഥിരമായി താമസിക്കാതെ മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അവിടെ ലോഡ്ജിൽ മുറിയെടുക്കുകയും മോഷണം നടത്തിയതിനുശേഷം കടന്നുകളയുകയുമാണ് പതിവ്. ഇരുവർക്കും കായംകുളം, കുമളി, കട്ടപ്പന, കരുനാഗപ്പള്ളി, പെരുവന്താനം എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.