സെലീന വധക്കേസ് വിചാരണ ഇന്ന് തുടങ്ങും
text_fieldsമുട്ടം: അടിമാലി 14-ാം മൈലിൽ ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ സിയാദിന്റെ ഭാര്യ (41) സെലീനയെ കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് മാറിടം മുറിച്ചുമാറ്റുകയും ചെയ്ത കേസിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴിയിൽ ഗിരോഷും (35) കൊല്ലപ്പെട്ട സെലീനയും തമ്മിലെ സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.
സെലീന താൻ അഡ്വക്കറ്റും ഫാമിലി കൗൺസലറും ആണെന്ന് പറഞ്ഞാണ് ഗിരോഷിനെ പരിചയപ്പെടുന്നത്. പല തവണയായി സെലീന 1,08,000 രൂപയോളം ഗിരോഷിൽനിന്ന് കൈവശപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ സെലീനയുടെ ഉടമസ്ഥതയിലുള്ള കാർ ഗിരോഷിന്റെ പേരിലേക്ക് മാറ്റിയെടുപ്പിച്ച ശേഷം ഗിരോഷിന്റെ അമ്മയെയും കൂട്ടുകാരനെയും ജാമ്യം നിർത്തി ഗിരോഷിന്റെ പേരിൽ സെലീന രണ്ട് ലക്ഷം രൂപ ലോൺ എടുത്തു. പിന്നീട് തുക അടക്കാതെ കുടിശ്ശിക വരുത്തി. ഇതുമൂലമുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. സംഭവദിവസം സെലീനയുടെ വീട്ടിലെത്തിയ ഗിരോഷ് മുറ്റത്ത് തുണി കഴുകിക്കൊണ്ടിരുന്ന ഇവരോട് തന്റെ ഭാര്യയെ ആശുപത്രിയിലാക്കാൻ പണം ആവശ്യപ്പെട്ടെങ്കിലും സെലീന നൽകിയില്ല.
തുടർന്നുണ്ടായ തർക്കത്തിനിടെ സെലീനയുടെ കഴുത്തിലും ശരീരത്തിന്റെ പലഭാഗത്തും ഗിരോഷ് പിച്ചാത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. ശേഷം പുറത്തിറങ്ങി നാഷനൽ ഹൈവേയിലെത്തി പരിസരം വീക്ഷിച്ച ശേഷം ബൈക്കിൽ വീണ്ടും സംഭവസ്ഥലത്തെത്തി സെലീനയുടെ മൃതദേഹത്തിൽനിന്ന് ഇടതു മാറിടം പിച്ചാത്തികൊണ്ട് മുറിച്ചെടുത്ത് പൊതിഞ്ഞ് ബാഗിലാക്കി ഗിരോഷിന്റെ കുറുമ്പാലമറ്റത്തുള്ള വീട്ടിൽ ഒളിപ്പിച്ചു. ശേഷം പിച്ചാത്തി കഴുകി തെളിവുകൾ നശിപ്പിച്ചെന്നാണ് ഗിരോഷിനെതിരെയുള്ള കുറ്റാരോപണം.
മത്സ്യവ്യാപാരിയായ സെലീനയുടെ ഭർത്താവ് രാത്രി 7.45ന് വീട്ടിൽ എത്തിയപ്പോഴാണ് ഉച്ചക്ക് നടന്ന സംഭവം പുറത്തറിയുന്നത്. സമീപത്തെ കടയിലെ നിരീക്ഷണ കാമറ പരിശോധിച്ചാണ് പൊലീസ് പ്രതിയുടെ ദൃശ്യങ്ങൾ കണ്ടത്. ഗിരോഷ് വീട്ടിലെത്തിയതും മടങ്ങുന്നതും കാമറയിൽ പതിഞ്ഞിരുന്നു.
മൊബൈൽ ടവർ പിൻതുടർന്ന് പൊലീസ് പിറ്റേന്ന് പുലർച്ചയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിൽ മുറിച്ചുമാറ്റിയ മാറിടവും കത്തിയും കണ്ടെത്തി. അടിമാലി പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.കെ. സാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആകെ 59 സാക്ഷികളാണുള്ളത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. സുനിൽ ദത്താണ് പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.