കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
text_fieldsകോതമംഗലം: വിദ്യാർഥിനിയെ കോളജിന് സമീപത്തെ താമസ സ്ഥലത്ത് വെടിവെച്ച് െകാന്നശേഷം യുവാവ് സ്വയം തലക്ക് വെടിവെച്ച് മരിച്ചു. കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജിൽ ബി.ഡി.എസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കണ്ണൂർ നാറാത്ത് രണ്ടാം മൈൽ പാർവണം പി.വി. മാനസയാണ് (24) കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ പാലയാട് മേലൂർ രാഹുൽ നിവാസിൽ രാഖിൽ പി. രഘൂത്തമൻ (31) ആണ് അക്രമി.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിനുശേഷമാണ് കേരളത്തെ നടുക്കിയ സംഭവം. മാനസയും മൂന്ന് കൂട്ടുകാരികളും ഭക്ഷണം കഴിക്കുന്നതിനിടെ കെട്ടിടത്തിൽ അതിക്രമിച്ച് കയറിയ രാഖിൽ യുവതിയെ തൊട്ടടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടച്ചശേഷം പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുെന്നന്നാണ് പൊലീസ് നൽകുന്ന വിവരം. വെടിയൊച്ചയും കൂട്ടുകാരികളുടെ കരച്ചിലും കേട്ട് ഹോസ്റ്റലിനോട് ചേർന്ന് താമസിക്കുന്ന ഉടമയും സമീപവാസികളും ഓടിയെത്തി മുറിയുടെ വാതിൽ തകർത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മാനസക്ക് തലക്കും നെഞ്ചിനുമാണ് വെടിയേറ്റത്. മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശനിയാഴ്ച എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജിലാണ് മാനസ ബി.ഡി.എസ് പൂർത്തിയാക്കിയത്. ഒരു വർഷത്തോളമായി ഈ കെട്ടിടത്തിലാണ് മാനസ കൂട്ടുകാരികൾക്കൊപ്പം താമസിക്കുന്നത്.
മാനസയും രാഖിലും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. രാഖിൽ ഇതിെൻറ പേരിൽ ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ വീട്ടിൽ അറിയിച്ചതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തലശ്ശേരി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കിയിരുന്നു. പിന്നീട് ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ ബോധ്യമായത്. ഈ മാസം നാല് മുതൽ മാനസ താമസിക്കുന്ന കെട്ടിടത്തിെൻറ 100 മീറ്റർ മാത്രം അകലെ മറ്റൊരിടത്ത് മുറിയെടുത്ത് രാഖിൽ താമസിച്ചുവരുകയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസ അറിയാതെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്ത ഇയാൾ അവസരം നോക്കി ആരുമറിയാതെ ഹോസ്റ്റലിലെത്തി കൃത്യം നിർവഹിക്കുകയായിരുന്നെന്നാണ് നിഗമനം.
സംഭവത്തെത്തുടർന്ന് എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, കോതമംഗലം ഇൻസ്പെക്ടർ വി.എസ്. വിബിൻ, എസ്.ഐ മാഹിൻ സലീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.