യുവാവിന് മർദനം, ദൃശ്യങ്ങൾ വൈറലായതോടെ പ്രതി പിടിയിൽ
text_fieldsകരുനാഗപ്പള്ളി: ലെയ്സ് നൽകാത്തതിന് യുവാവിനെ മർദിച്ച സംഭവത്തിന് പിന്നാലെ സമൂഹമാധ്യമത്തിൽ അപമാനിച്ചെന്നാരോപിച്ച് 19കാരനെ ക്രൂരമായി മർദിച്ച സംഭവവും വൈറൽ. ഒന്നിന് നടന്ന മർദനത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിയെ പൊലീസ് പിടികൂടി.
ആലപ്പുഴ വള്ളികുന്നം സ്വദേശിയായ 19കാരനെ കൊറിയർ നൽകാനെന്ന പേരിൽ കരുനാഗപ്പള്ളിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ വിളിച്ചുവരുത്തി കത്തികാട്ടി മർദിച്ചശേഷം ദൃശ്യം സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത കരുനാഗപ്പള്ളി പൊലീസ്, പ്രതിയായ കൊട്ടാരക്കര ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ രാഹുലിനെ (അമ്പാടി -26) പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമൂഹമാധ്യമത്തിൽ പ്രചരിച്ച മർദനദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന്‍റെ നിർദേശപ്രകാരം കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി മർദനമേറ്റ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഈ യുവാവിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
ഓടനാവട്ടത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, തിരുവനന്തപുരം സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്, പൂയപ്പള്ളി സ്റ്റേഷനിൽ ബലാത്സംഗം, കൊലപാതകശ്രമം, പിടിച്ചുപറി തുടങ്ങി 15ഓളം കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് അറസ്റ്റിലായ രാഹുലെന്ന് പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ആർ. ശ്രീകുമാർ, ജൂനിയർ എസ്.ഐ ശ്രീലാൽ, എ.എസ്.ഐമാരായ നന്ദകുമാർ, ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.