നഗരൂരില്‍ വീട് കുത്തിത്തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർന്നു
text_fieldsകിളിമാനൂർ: നഗരൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. പത്തുപവൻ സ്വർണാഭരങ്ങളും 10000 രൂപയും നഷ്ടമായതായി വീട്ടുകാർ നഗരൂർ പൊലീസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്താനായില്ല. നഗരൂർ കോയിക്കമൂല റോഡിൽ നഗരൂർ സ്വദേശി ഇർഷാദിന്റെ ഇർഷാദ് മൻസിൽ വീട്ടിലാണ് മോഷണം നടന്നത്. ഇർഷാദും ഭാര്യ ഫാത്തിമയുമാണ് താമസിക്കുന്നത്. ഒന്നരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ചൊവ്വാഴ്ച വൈകീട്ട് നാലോടെ ഇർഷാദും ഭാര്യയും വീട് പൂട്ടി ബന്ധുവീട്ടിൽ ഒരു ചടങ്ങിന് പോയിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നോടെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്തതായി ശ്രദ്ധയിൽപെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും മേശയിലുണ്ടായിരുന്ന പണവും നഷ്ടമായതായി കണ്ടെത്തിയത്. വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പിൻവാതിലും തകർത്ത നിലയിലാണ്. നഗരൂർ പൊലീസ് സ്റ്റേഷന് വളരെയടുത്തുമാണ് വീട്. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.