പയ്യനാട് കുട്ടിപ്പാറയിൽ മോഷണം; നാല് പവനും 3,000 രൂപയും നഷ്ടമായി
text_fieldsമഞ്ചേരി: പയ്യനാട് കുട്ടിപ്പാറയിൽ വീട്ടുകാർ ഉറങ്ങുമ്പോൾ മോഷണം. കുട്ടിപ്പാറ കുന്നുമ്മൽ ഹസൻ റഷീമിന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെ 3.55നാണ് സംഭവം. കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച നാല് പവന്റെ സ്വർണാഭരണവും പഴ്സിലുണ്ടായിരുന്ന 3,000 രൂപയും നഷ്ടമായി. ഉറക്കമുണർന്ന വീട്ടുകാരുടെ ശബ്ദം കേട്ടതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.
ഉറങ്ങാൻ കിടക്കുമ്പോൾ റഷീമിന്റെ ഭാര്യ അലമാരയിൽ അഴിച്ചുവെച്ച മാലയാണ് മോഷ്ടാവ് കൈക്കലാക്കിയത്. മുറിയിൽനിന്ന് ശബ്ദം കേട്ട് ഭാര്യ ഉണർന്നപ്പോൾ മങ്ങിയ വെളിച്ചത്തിൽ ഒരാൾ എന്തോ തിരയുന്നതുപോലെ തോന്നി. റഷീമിനെ വിളിച്ചുണർത്തിയപ്പോൾ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. മുറിയിൽ ഇരുവരെയും കൂടാതെ ആറ് വയസ്സായ കുട്ടിയും ഉണ്ടായിരുന്നു. മറ്റ് രണ്ട് കുട്ടികൾ അടുത്ത മുറിയിലാണ് കിടന്നിരുന്നത്. അടുക്കള ഭാഗത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അടുക്കളയിലെ ജനൽ തകർത്ത് ഇതിലൂടെ വാതിലിൽ ഉണ്ടായിരുന്ന താക്കോൽ പുറത്തെടുത്ത് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. കറുത്ത വസ്ത്രമാണ് മോഷ്ടാവ് ധരിച്ചിരുന്നത്. തൊപ്പിയും ജാക്കറ്റും ധരിച്ചിരുന്നതായി കുടുംബം പറഞ്ഞു. മഞ്ചേരി പൊലീസിൽ പരാതി നൽകി. പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ വീട്ടിലെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.