ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച; 15 പവൻ നഷ്ടപ്പെട്ടു
text_fieldsകേച്ചേരി: പുറ്റേക്കര ആറംപിള്ളിയിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. 15 പവൻ മോഷണം പോയി. ആറംപിള്ളി-അയ്യംകുന്ന് റോഡിൽ അറങ്ങാശേരി ട്രീസാ ഫ്രാൻസിസിന്റെ വീട്ടിലാണ് മോഷണം. വ്യാഴാഴ്ച വീട് പൂട്ടി ട്രീസയും മരുമകൾ അയ്നയും കുറുമാലിയിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
വീടിന്റെ മുൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകർത്ത് അതിലുണ്ടായിരുന്ന ആഭരണങ്ങളാണ് കവർന്നത്. മുറിയിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിലുണ്ടായിരുന്ന മുക്കുപണ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ മുറിയിൽനിന്ന് കണ്ടെടുത്തു. വീടിന് പിറകിലെ വരാന്തയിൽ സൂക്ഷിച്ച ആയുധങ്ങൾ ഉപയോഗിച്ചാണ് വാതിലിന്റെയും അലമാരയുടെയും പൂട്ട് തകർത്തത്. മോഷ്ടാവ് ഉപയോഗിച്ച മൺവെട്ടി, വെട്ടുകത്തി, കമ്പിപ്പാര, കൊടുവാൾ എന്നിവ കിടപ്പുമുറിയിലെ കട്ടിലിൽനിന്ന് ലഭിച്ചു. വീടിനകത്തുനിന്ന് മുളകുപൊടിയെടുത്ത് മോഷ്ടാവ് മുറികളിലും ഹാളിലും വിതറിയിട്ടുണ്ട്.
മരുമകൾ അയ്ന സ്വന്തം വീടായ കൈപ്പറമ്പ് പുത്തൂരിൽനിന്ന് വ്യാഴാഴ്ച വൈകീട്ടാണ് സ്വർണാഭരണങ്ങളുമായി ആറംപിള്ളിയിലെ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇവരുടെ ഭർത്താവ് ഫിസ്റ്റോ ഗൾഫിലാണ്. വിവരമറിഞ്ഞ് പേരാമംഗലം പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.