മഞ്ചേരിയിൽ വീണ്ടും മോഷണം; അടച്ചിട്ട വീട്ടിൽനിന്ന് 20 പവൻ കവർന്നു
text_fieldsമഞ്ചേരി: അരുകിഴായയിൽ അടച്ചിട്ട വീട്ടിൽ മോഷണം. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. നന്ദകുമാറിന്റെ വേട്ടഞ്ചേരി പറമ്പിൽ ‘പ്രഭാത്’ വീട്ടിലാണ് സംഭവം. 20 പവൻ സ്വർണാഭരണം നഷ്ടമായി. ബെഡ് റൂമിലെ അലമാരയിൽ ബോക്സിൽ സൂക്ഷിച്ച മരുമകളുടെ ആഭരണമാണിത്. ശനിയാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ വീട്ടുകാർ വീട് പൂട്ടി താക്കോൽ സ്ഥിരമായി വെക്കുന്ന സ്ഥലത്തുവെച്ച് ആശുപത്രിയിൽ പോയതായിരുന്നു. പിന്നീട് ജോലിക്കാരി എത്തി വീട് തുറന്ന് പതിവുപോലെ ജോലി ചെയ്ത് വീട് പൂട്ടി പോവുകയും ചെയ്തു. ഈ സമയത്ത് മോഷണത്തിന്റെ ഒരു അടയാളങ്ങളും ഉണ്ടായിരുന്നില്ലെന്ന് ജോലിക്കാരി പറഞ്ഞു. വാതിൽ പൊളിച്ചതായോ മോഷണശ്രമത്തിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല.
ഇവർ പോയശേഷമാണ് മോഷണം നടന്നതെന്നാണ് വിവരം. താക്കോൽ സ്ഥിരമായി വെക്കുന്ന സ്ഥലം അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. വീട്ടുകാർ ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. ഡോ. നന്ദകുമാർ തിരുവനന്തപുരത്താണ് ജോലിചെയ്യുന്നത്.
ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധ നടത്തി. അരുകിഴായയിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ മോഷണം വർധിക്കുകയാണ്. കഴിഞ്ഞമാസം 14ന് അരുകിഴായയിലെ ആറ് വീടുകൾ കുത്തിത്തുറന്നും മോഷണം നടന്നിരുന്നു. അന്ന് മൂന്നര പവൻ സ്വർണം കളവ് പോയി. ആറുമാസം മുമ്പ് പ്രദേശത്തെ മറ്റൊരു വീട്ടിൽനിന്ന് എട്ട് പവനും മോഷണം പോയിരുന്നു. ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.