മോഷണവും കഞ്ചാവ് കച്ചവടവും: അഞ്ചംഗസംഘം അറസ്റ്റിൽ
text_fieldsആര്യനാട്: കഞ്ചാവ് കച്ചവടവും മോഷണവും നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ. സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യ ശ്രമവും. ആര്യനാട്, ചൂഴ ഗ്രേയ്സ് കോട്ടേജിൽ പുഷ്പലത (48), വെള്ളനാട്, ചാരുപാറ തടത്തരികത്ത് പുത്തൻ വീട്ടിൽ കുഞ്ഞുമോൻ (24), വെള്ളനാട്, കമ്പനിമുക്ക് ശാന്തഭവനിൽ ശ്രീകാന്ത് (19), അരുവിക്കര, വെള്ളൂർകോണം കൈതക്കുഴി പുത്തൻവീട്ടിൽനിന്നും തൊളിക്കോട്, മന്നൂർകോണം അബൂസാലി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന റംഷാദ് (21), ആര്യനാട് പൂഴ ലക്ഷ്മി ഭവനിൽ സീതാലക്ഷ്മി (19) എന്നിവരാണ് പിടിയിലായത്. സ്റ്റേഷനിൽ എത്തിച്ച പ്രധാന പ്രതി കുഞ്ഞുമോൻ ശൗചാലയത്തിന്‍റെ ടൈൽസ് പൊട്ടിച്ചു കൈഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് കുഞ്ഞുമോനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി സ്റ്റേഷനിൽ എത്തിച്ചു.
വെള്ളനാട് ഗംഗാമല കോളനി സ്വദേശിയുടെ ബൈക്ക് കടം വാങ്ങി ചൂഴയിലെ വീടിനോടുചേർന്നു പ്രവർത്തിക്കുന്ന പലവ്യജ്ഞനക്കടയിൽപോയി ഉടമയുടെ അഞ്ചുപവൻ മാല പൊട്ടിച്ചെടുത്ത സംഭവത്തിലാണ് പ്രതികൾ വലയിലാകുന്നത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സുരക്ഷാ കാമറ പരിശോധിക്കുകയും സംഘം ഉപയോഗിച്ച ബൈക്കിനെപ്പറ്റി സൂചന ലഭിക്കുകയും ചെയ്തു. തുടർന്ന് ഈ വാഹനത്തിന്‍റെ ഉടമ വിമലിനെ കണ്ടെത്തി. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണ മാല കാട്ടാക്കടയിലെ സ്വാകാര്യ ഫൈനാൻസിൽ 1,60,000 രൂപക്ക് നല്‍കിയ ശേഷം കറങ്ങിനടന്ന് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു സംഘം.
കാട്ടാക്കട ഡിവൈ.എസ്.പി കെ.എസ്. പ്രശാന്ത്, നാർകോട്ടിക് ഡിവൈ.എസ്.പി വി.ടി. രാസിത് എന്നിവരുടെ നേതൃത്വത്തിൽ ആര്യനാട് ഇൻസ്‌പെക്ടർ എൻ.ആർ. ജോസ്, എസ്.ഐമാരായ എൽ. ഷീന, രാജയ്യൻ, പൊലീസ് ഉദ്യോഗസ്ഥരായ മഹേഷ് കുമാർ, വിനു, സുനിൽ ലാൽ, നെവിൽ രാജ്, ശ്രീനാഥ്, വിജേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.