അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം: മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗിച്ച് 40,000 രൂപ പിൻവലിച്ചു
text_fieldsതേഞ്ഞിപ്പലം: ചേലേമ്പ്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണവും കവർന്നു. ഒലിപ്രംകടവ് ആലങ്ങോട്ട്ചിറ പനയപ്പുറം റോഡിലെ പുള്ളിച്ചി വീട്ടിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ ഹക്കീമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച എ.ടി.എം കാർഡ് എടുത്ത മോഷ്ടാക്കൾ 40,000 രൂപ എ.ടി.എമ്മിൽനിന്നും പിൻവലിച്ചു.
അലമാരയിൽ സൂക്ഷിച്ച 12,000 രൂപയും കുട്ടികളുടെ കേടായ ഒരു പവനോളം വരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഹക്കീം വിദേശത്താണ്. വ്യാഴാഴ്ച ഹക്കീമിന്റെ ഭാര്യയും കുട്ടികളും സ്വന്തം വീട്ടിലേക്ക് വീട് പൂട്ടിപോയ സമയത്താണ് കവർച്ച നടന്നത്. അടുക്കള ഭാഗത്തെ വാതിലുകളുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കിടപ്പുമുറിയുടെ വാതിലും അലമാരയും തകർത്താണ് മോഷണം. തേഞ്ഞിപ്പലം സി.ഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച പുലർച്ച രാത്രി രണ്ടിനും മൂന്നരക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. മൂന്നരയോടെ സമീപവാസിയായ യുവാവ് ഓട്ടോയിൽ ട്രിപ് പോവുന്നതിനിടെ മോഷണം നടന്ന വീടിന് സമീപത്തായി സ്കൂട്ടർ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ടിരുന്നു. രാവിലെ ഏഴിനാണ് മോഷണവിവരം അറിയുന്നത്.
എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള ഫോൺ സന്ദേശം പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. 10,000 രൂപ വീതം നാല് തവണയായാണ് പിൻവലിച്ചത്. പിൻനമ്പർ കാർഡിനൊപ്പം എഴുതിവെച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പണം മോഷ്ടിച്ചത്. പ്രദേശത്തെ സി.സി.ടി.വികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവസമയം കാണപ്പെട്ട ഇരുചക്ര വാഹനത്തെ ചുറ്റിപ്പറ്റിയും അന്വേഷിക്കുന്നുണ്ട് മലപ്പുറത്തുനിന്നെത്തിയ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും തെളിവെടുത്തു. പൊലീസ് നായ് ഇവരുടെ വീടിന്റെ പിന്നിലെ ഗേറ്റ് വഴി അടുത്ത വീട്ടിലൂടെ റോഡിലേക്കും ഒലിപ്രം റോഡിലും എത്തി നിന്നു.
പിന്നീട് കാലിക്കറ്റ് സർവകലാശാല എസ്.ബി.ഐ ശാഖക്ക് സമീപത്തെ എ.ടി.എമ്മിലും എത്തിച്ചു തെളിവെടുത്തു. തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.