നാടോടികളുടെ മോഷണം പതിവ്
text_fieldsഅമ്പലപ്പുഴ: നാടോടികള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. പകൽപോലും വയോധികര്‍ക്കും കുട്ടികള്‍ക്കും വീടുകളില്‍ സ്വസ്ഥമായി കഴിയാന്‍ പറ്റാത്ത സാഹചര്യമാണ്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് നാടോടികള്‍ മോഷണവും അക്രമവും നടത്തുന്നത്. കൊച്ചുകുട്ടികളോടൊപ്പം കൂട്ടമായെത്തുന്ന നാടോടി സംഘത്തെ ചോദ്യം ചെയ്താല്‍ ആക്രമിക്കാനും മടികാണിക്കില്ല. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ വീട് നിർമാണത്തിന് സൂക്ഷിച്ച കമ്പികളും ഇരുമ്പ് സാമഗ്രികളും മോഷ്ടിച്ച് വില്പന നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. സമാനരീതിയില്‍ നടത്തിയ മോഷണത്തിന് അമ്പലപ്പുഴ പൊലീസും മൂന്നുപേരെ പിടികൂടിയിരുന്നു. ആളൊഴിഞ്ഞ പുരയിടങ്ങളിലും അടഞ്ഞുകിടക്കുന്ന കടത്തിണ്ണകളിലും തമ്പടിക്കുന്ന ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും അറിയില്ല. പകല്‍ ആക്രി പെറുക്കുകയാണെന്ന വ്യാജേന സംഘം ചേര്‍ന്നെത്തുന്ന നാടോടികള്‍ ആളില്ലാത്ത വീട്ടുവളപ്പില്‍ കിടക്കുന്ന പാത്രങ്ങളും മറ്റും മോഷ്ടിക്കും.
ബസ് യാത്രക്കിടെ മാലയും പണമടങ്ങിയ പഴ്സും കവര്‍ച്ച ചെയ്യുന്ന സംഘവും നാടോടികള്ക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ പിഞ്ചുകുഞ്ഞിന്റെ തള കവർന്നു. ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിൽ കുഞ്ഞിന് കുത്തിവെപ്പ് എടുക്കാൻ എടത്വയിൽനിന്ന് ആലപ്പുഴക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറിയതായിരുന്നു. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ എത്തിയപ്പോൾ നാടോടികൾ കുഞ്ഞിന്റെ തള വലിച്ചൂരുന്നത് മാതാവിന്റെ ശ്രദ്ധയിൽപെട്ടു. ഉടൻ സ്ത്രീ തള താഴെയിട്ടു. ബസ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് ശേഷം മൂന്നു നാടോടികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടത്തിന്റെ മറവിലും മോഷണം നടത്തുന്ന നാടോടി സംഘമുണ്ട്. പുറക്കാട്ട് ഒരു വീട്ടില്‍ കയറി അലമാരയില്‍ സൂക്ഷിച്ച സ്വർണം കവര്‍ന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
വീട്ടമ്മ മാത്രം ഉണ്ടായിരുന്ന സമയം ഭിക്ഷാടനത്തിന്റെ മറവില്‍ വീട്ടിലെത്തിയ സംഘം തുറന്ന് കിടന്ന മുൻവശത്തെ വാതിലിലൂടെ അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ച ഒന്നര പവന്റെ വള, പണമടങ്ങിയ ബാഗ് എന്നിവ കൈക്കലാക്കിയതിന് ശേഷം വീട്ടുപകരണങ്ങളും അപഹരിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് വീട്ടമ്മ മുറിയിലെത്തിയപ്പോഴേക്കും നാടോടികൾ ഓടി. വീട്ടമ്മ ബഹളം വെച്ചതോടെ നാട്ടുകാർ പിന്തുടർന്നാണ് മോഷ്ടാക്കളെ പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.