കാഞ്ഞങ്ങാട്ട് ക്ഷേത്രത്തിലും വീട്ടിലും മോഷണം; സ്വർണാഭരണങ്ങൾ കവർന്നു
text_fieldsകാഞ്ഞങ്ങാട്: ഇടവേളക്കുശേഷം കാഞ്ഞങ്ങാട്ട് വീണ്ടും മോഷണപരമ്പര. ഹോസ്ദുർഗ് എൽ.ബി ടെമ്പിളിന് സമീപത്തെ ക്ഷേത്രങ്ങളിലും കുശാൽനഗറിലെ വീട്ടിലുമാണ് മോഷണം നടന്നത്. എൽ.ബി ടെമ്പിൾ കാരാട്ട് വയലിലെ വെങ്കിട്ടരമണ ക്ഷേത്രത്തിൽനിന്ന് വിഗ്രഹത്തിൽ ചാർത്തുന്ന ഒരു ലക്ഷത്തോളം വിലവരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ക്ഷേത്രം സെക്രട്ടറി പ്രദീപ് കുമാർ പറഞ്ഞു.
ക്ഷേത്രത്തിനകത്ത് കടന്ന മോഷ്ടാവ് ആഭരണങ്ങൾ സൂക്ഷിച്ച അലമാരയുടെ താക്കോൽ കൈക്കലാക്കി ഷെൽഫ് തുറന്നാണ് കവർച്ച നടത്തിയത്. പൂട്ടി താക്കോലും മോഷ്ടാവ് കൊണ്ടുപോയി. ഹോസ്ദുർഗ് എസ്.ഐമാരായ കെ.പി. സതീഷ്, മാധവൻ എന്നിവർ എത്തി ഷെൽഫ് പൊളിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഒരു വർഷം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. അന്ന് പതിനായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ക്ഷേത്രം വൈസ് പ്രസിഡൻറ് ചന്ദ്രകാന്ത പൊലീസിൽ പരാതി നൽകി.
തൊട്ടടുത്തുള്ള മൂകാംബിക ക്ഷേത്രത്തിലെ പൂട്ട് തകർത്തുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ ബിജു ഏലിയാസിെൻറ വീടിെൻറ അടുക്കളവാതിൽ കുത്തിത്തുറന്നാണ് രണ്ടു പവൻ സ്വർണാഭരണങ്ങൾ കവർന്നത്. ലോക്ഡൗൺ കാലത്ത് നർക്കിലക്കാടെ വീട്ടിലേക്ക് പോയ അഭിഭാഷകനും കുടുംബവും അവിടെയാണ് താമസിക്കുന്നത്.
ഇടക്ക് കാഞ്ഞങ്ങാട്ടെ വീട് സന്ദർശിച്ച് മടങ്ങാറായിരുന്നു പതിവ്. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴാണ് കവർച്ചവിവരം അറിയുന്നത്. കമ്പിപ്പാര ഉപയോഗിച്ച് വാതിൽ തുറന്നാണ് കവർച്ചസംഘം വീടിനകത്ത് കടന്ന് ഷെൽഫിൽ സൂക്ഷിച്ച സ്വർണം കവർന്നത് .
വിവരമറിഞ്ഞ് അഡീഷനൽ എസ്.ഐ ടി. രാമചന്ദ്രനും സംഘവും സ്ഥലത്തെത്തി. പൊലീസ് നായും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.