കപ്പുറം കുഞ്ഞോത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം
text_fieldsഎകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം കുഞ്ഞോത്ത് ഭഗവതി ക്ഷേത്രത്തിൽ വാതിലിന്റെ പൂട്ട് തകർത്ത് മോഷണം. ക്ഷേത്രത്തിനകത്തെ പ്രധാന വിളക്കുകൾ, പൂജ വസ്തുക്കൾ എന്നിവ മോഷണം പോയി. ക്ഷേത്രസമുച്ചയത്തിലുള്ള ശിവക്ഷേത്രം, കരുവൻ ക്ഷേത്രം എന്നിവയിലെ സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും തകർക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പുലർച്ച നാലരയോടെ ക്ഷേത്രം ദേവസ്വം ഭാരവാഹി വിളക്ക് കൊളുത്താൻ എത്തിയപ്പോൾ പൂട്ട് തകർത്ത നിലയിലായിരുന്നു. ബാലുശ്ശേരി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത പ്രദേശമായ കരിയാത്തൻകാവ് ലക്ഷ്മീ നാരായണ ക്ഷേത്രത്തിൽ സെപ്റ്റംബർ 23ന് മോഷണം നടന്നിരുന്നു. പ്രധാന ക്ഷേത്രത്തിലെ ഭണ്ഡാരവും നാഗകാളി ക്ഷേത്രം, അയ്യപ്പക്ഷേത്രം എന്നിവക്ക് മുന്നിലെ മൂന്ന് ഭണ്ഡാരങ്ങൾ തകർത്തായിരുന്നു അന്ന് മോഷണം നടന്നത്.
ക്ഷേത്രങ്ങളിലെ കവർച്ച; അന്വേഷണം ഊർജിതമാക്കണം- ക്ഷേത്ര സംരക്ഷണസമിതി
എകരൂൽ: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളിൽ മോഷണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കരിയാത്തൻകാവ് ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് മോഷണം നടത്തിയിട്ടും ഇതുവരെ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
തൊട്ടടുത്ത പ്രദേശമായ കപ്പുറത്തെ ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച രാത്രിയിൽ മോഷണം നടന്നത്. ജില്ല പ്രസിഡന്റ് ശശിധരൻ തിരുവോത്ത് അധ്യക്ഷത വഹിച്ചു. ജില്ല ദേവസ്വം സെക്രട്ടറി എ.കെ. ബാലൻ, ട്രഷറർ ഭാസ്കരൻ നായർ ചെമ്പകം, സെക്രട്ടറി ചന്ദ്രൻ കുന്ദമംഗലം, വി.വി. ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.