പെട്രോൾ പമ്പിലെ മോഷണം; രണ്ട് വർഷത്തിനുശേഷം പ്രതി പിടിയിൽ
text_fieldsഎടവണ്ണ: പെട്രോൾ പമ്പിൽനിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയെ എടവണ്ണ പൊലീസ് രണ്ട് വർഷത്തിന് ശേഷം പിടികൂടി. അസമിലെ ദേവാരിപാൽ സ്വദേശി അകാസ് അലിയാണ് (29) പിടിയിലായത്. 2019 ഏപ്രിലാണ് കേസിനാസ്പദമായ സംഭവം. പത്തപ്പിരിയത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന അസം സ്വദേശികളായ അകാസ് അലി, ശൈതിക്ക് എന്നിവർ പമ്പിലെ അന്നത്തെ കലക്ഷൻ തുകയായ 1,86,000 രൂപയുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് കുടുംബവുമായി കടന്നുകളഞ്ഞ ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
പമ്പ് ഉടമയുടെ പരാതിയെ തുടർന്ന് എടവണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുവർഷത്തിന് ശേഷം കേസിലെ ഒരു പ്രതിയെ എടവണ്ണ പൊലീസ് അസമിലെത്തി അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്.
നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിെൻറ മേല്‍നോട്ടത്തില്‍ എടവണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസമിലെ സൂട്യ സ്റ്റേഷന് പരിധിയിൽപെട്ട ഭോജ്മറി ഗ്രാമത്തില്‍നിന്ന് എടവണ്ണ സബ് ഇന്‍സ്പെക്ടര്‍ കെ. അച്യുതന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.കെ. പദ്മദാസ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിനോജ് മാത്യു, ശ്രീവിദ്യ, ടി. സിനി, ബി. വിധു, സിവില്‍ പൊലീസ് ഓഫിസര്‍ കെ.സി. തസ്ലിം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.