രാമനാട്ടുകര കടയിൽ മോഷണം: പ്രതികൾ 24 മണിക്കൂറിനകം പിടിയിൽ
text_fieldsരാമനാട്ടുകര: കടകളിൽ മോഷണം നടത്തിയ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി ഫറോക്ക് പൊലീസ്. താനൂർ ദേവതാർ പുത്തൻതെരു മൂർക്കാടൻ ഹൗസിൽ പ്രദീപ് (43), പേങ്ങാട് കിത്തകത്ത് ഹൗസിൽ കെ. മുജീബ് റഹ്മാൻ എന്ന ജാംജൂം മുജീബ് (46) എന്നിവരെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. മോഷണം നടത്തിയ കടയിലെ സി.സി.ടി.വി പരിശോധിച്ചതിൽനിന്നാണ് പ്രതികളെ കണ്ടെത്തിയതും പിടികൂടിയതും.
രാമനാട്ടുകര ഫാറൂഖ് കോളജ് റോഡിൽ വി.പി.എം സ്റ്റേഷനറി സ്റ്റോറിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. കടയുടെ പിൻവശത്തെ മറ്റൊരു കടയുടെ ഷട്ടറിന്‍റെ പൂട്ടുതകർത്ത് അകത്തുകടന്ന് രണ്ടു കടകളിലേക്കുമുള്ള ഇരുമ്പ് ഗ്രില്ലിന്‍റെ മുകളിലൂടെ കടക്കുകയായിരുന്നു. കൗണ്ടറിന്‍റെ പൂട്ട് തകർത്ത് മേശവലിപ്പിൽ സൂക്ഷിച്ച 15,000 രൂപ അപഹരിച്ചു. സമീപത്തെ രണ്ട് കടകളിലും മോഷണശ്രമമുണ്ടായി. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിഞ്ഞത്.
ഉടമ ചേലേമ്പ്ര സ്വദേശി വി.പി. അലവിയുടെ പരാതിയിൽ ഫറോക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജിത അന്വേഷണം നടത്തിയാണ് പ്രതികളെ വലയിലാക്കിയത്. കടയിലെ സി.സി.ടി.വിയും രാമനാട്ടുകരയിലെ മറ്റു സി.സി.ടി.വി കാമറകളും പരിശോധിച്ചാണ് അന്വേഷണസംഘം പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. രാമനാട്ടുകര, ഫറോക്ക്, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സമാനരീതിയിൽ നടന്ന മോഷണങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥനത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് കമീഷണർ എ.എം. സിദ്ദീഖിന്‍റെ നിർദേശപ്രകാരം ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. ബാലചന്ദ്രന്‍റെ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ വി.ആർ. അരുൺ, കെ. ഷുഹൈബ്, വി.കെ. കിരൺ, സിവിൽ പൊലീസ് ഓഫിസർമാരായ പി.ടി. രജിത്, എം. പ്രജീഷ് കുമാർ, പി. മധുസൂദനൻ, കെ. സുധീഷ്, രാമനാട്ടുകര എയ്ഡ് പോസ്റ്റ് സബ് ഇൻസ്പെക്ടർ സി.കെ. അരവിന്ദൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
പൊലീസിനെ അഭിനന്ദിച്ചു
രാമനാട്ടുകര: കഴിഞ്ഞദിവസം രാമനാട്ടുകരയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതികളെ സമർഥമായി പിടികൂടിയ ഫറോക്ക് സ്റ്റേഷനിലെ പൊലീസുകാരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് അലി പി. ബാവ അധ്യക്ഷത വഹിച്ചു. സലീം രാമനാട്ടുകര, പി.എം. അജ്മൽ, കെ.കെ. ശിവദാസ്, പി.പി.എ. നാസർ, പി.ടി. ചന്ദ്രൻ, സി. ദേവൻ, ടി. മമ്മദ് കോയ, സി. സന്തോഷ് കുമാർ, എം.കെ. സമീർ, പി.പി. ബഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.