ഹാജിറോഡിലെ കടകളിൽ മോഷണം
text_fieldsകണ്ണൂർ: നഗരത്തിൽ ഹാജിറോഡിലെ ഏഴ് കടകളിൽ മോഷണം. 6000 രൂപ കവർന്നു. വെള്ളിയാഴ്ച രാത്രിയാണ് ഓട് തകർത്തും പൂട്ടു പൊട്ടിച്ചും മോഷ്ടാവ് കടകളിൽ കയറിയത്. മേൽക്കൂരയിൽനിന്ന് വെള്ളമിറങ്ങി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങൾ നശിച്ചു. ശ്രീസദൻ ആയുർവേദ ഔഷധശാല, ബ്രദേഴ്സ് ട്രഡേഴ്സ്, ബ്രദേഴ്സ് ട്രേഡ് ലിങ്ക്സ്, ലക്കി ട്രഡേഴ്സ്, രഹ്ന പ്ലാസ്റ്റിക്സ്, അഖിൽ ട്രഡേഴ്സ്, മുബാറക്ക് സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
രാത്രി 11.30നും 12.30നും ഇടയിൽ മുണ്ടുമാത്രം ധരിച്ച് കയ്യിൽ സഞ്ചിയും കമ്പിപ്പാരയുമായി നടന്നുനീങ്ങുന്ന മോഷ്ടാവിന്റെ ദൃശ്യം കടകളിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചു. ഓട് നീക്കിയിറങ്ങിയതിനാൽ ബ്രദേഴ്സ് ട്രഡേഴ്സിലെയും ലക്കി ട്രഡേഴ്സിലെയും സാധനങ്ങൾ മഴയിൽ നശിച്ചു. പഞ്ചസാര, അരി, പയറുവർഗങ്ങൾ തുടങ്ങിയവയാണ് നശിച്ചത്. അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ പറഞ്ഞു. കടകളിലെ ക്യാമറകൾ തിരിച്ചുവച്ചും തുണികൊണ്ട് മൂടിയ നിലയിലുമാണ്. അഖിൽ ട്രഡേഴ്സിലെ കമ്പ്യൂട്ടറും തകർത്തു. ഈ മേഖലയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്.
അഞ്ച് മാസം മുമ്പ് സി.പി കോംപ്ലക്സിലെ വി.എം ട്രേഡിങ് കമ്പനി കുത്തിത്തുറന്ന് പണം കവർന്നിരുന്നു. സമീപത്ത് നിർത്തിയിട്ട ലോറിയിൽ കയറി ഡ്രൈവറെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി അയ്യായിരം രൂപയും മൊബൈൽ ഫോണും മോഷ്ടാക്കൾ കവർന്നത് നാലുമാസം മുമ്പാണ്. മൂന്ന് യുവാക്കളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും പൊലീസിന് ആരെയും പിടികൂടാനായില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
പ്രദേശത്ത് പൊലീസ് സ്ഥാപിച്ച കാമറകൾ പലതും പ്രവർത്തന രഹിതമാണ്. ഹാജിറോഡ് മുനീശ്വരൻ കോവിലിലേക്ക് കയറുന്ന ഭാഗത്ത് പൊലീസ് സ്ഥാപിച്ച കാമറ പ്രവർത്തിക്കുന്നില്ല. ഹാജി റോഡിലും മാർക്കറ്റ് റോഡിലും തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് കാലങ്ങളായി. പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. നഗരത്തിൽ കൊലപാതകവും അക്രമവും വ്യാപകമായതോടെ ടൗൺ പൊലീസിന്റെ നേതൃത്വത്തിൽ നിരന്തരപരിശോധന നടത്തിയിരുന്നു. പരിശോധനയെ തുടർന്ന് എല്ലാ കടകളും രാത്രി 11നകം പൂട്ടുന്നതിനാൽ നഗരത്തിൽ ആളൊഴിഞ്ഞ സ്ഥിതിയാണെന്നും ഇത് മോഷ്ടാക്കൾക്ക് സഹായമായെന്നും വ്യാപാരികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.