ഓട്ടോയിലെത്തി ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം
text_fieldsപറവൂർ: പട്ടണമധ്യത്തിൽ തിരക്കേറിയ നമ്പൂരിയച്ചൻ ആലിന് സമീപത്തെ കൃഷ്ണ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. ചൊവ്വാഴ്ച വൈകീട്ട് 3.30ന് സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് ഒരു പവന്‍റെ മാല മോഷ്ടിച്ചശേഷം കടന്നുകളഞ്ഞു. ഈ സമയം ഉടമയായ സ്ത്രീ മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. 30 വയസ്സ് തോന്നിക്കുന്ന യുവാവ് കടയിലെത്തി മാലകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഉടമ ഒരു മാല കാണിച്ചു. ഈ മാലക്ക് പറ്റിയ താലി ഉണ്ടോയെന്ന് യുവാവ് ചോദിച്ചു. തുടർന്ന് മാലയുമായി കടയിൽനിന്ന് പുറത്തേക്ക് ഓടി സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കയറിപ്പോയി.
സ്ത്രീയുടെ ഒച്ചകേട്ട് ഇയാൾ കയറിയ ഓട്ടോക്കുപിന്നാലെ നമ്പൂരിയച്ചൻ ആൽ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോക്കാരും പാഞ്ഞു. ഓട്ടോകൾ ഹോൺ മുഴക്കി എത്തുന്നത് കണ്ടപ്പോൾ യുവാവ് കയറിയ ഓട്ടോയുടെ ഡ്രൈവർ എന്തോ പന്തികേട് തോന്നി വാഹനം നിർത്താൻ ശ്രമിച്ചു. ഉടൻ യുവാവ് വാഹനത്തിൽനിന്ന് ചാടിയിറങ്ങി ഓടി മറഞ്ഞു. ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ ഇയാളുടെ കാലിന് പരിക്കേറ്റു.
യുവാവ് കയറിയ ഓട്ടോയുടെ ഡ്രൈവർ മറ്റ് ഓട്ടോക്കാരുടെ കൂടെ തിരിച്ചു ജ്വല്ലറിയുടെ സമീപത്തെത്തി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തൃശൂർ ജില്ലയിലെ വലപ്പാടുനിന്ന് ഓട്ടോ വിളിച്ചാണ് യുവാവ് പറവൂരിലെത്തിയതെന്നും ആ ഓട്ടോയിൽതന്നെയാണ് ഇയാൾ മാല മോഷ്ടിച്ചശേഷം കയറി കടന്നുകളയാൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. വലപ്പാട് നടക്കുന്ന കെട്ടിടനിർമാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പറവൂരിൽ പോകണമെന്ന് പറഞ്ഞാണ് ഓട്ടോ വിളിച്ചത്. പറവൂരിൽ എത്തിയശേഷം അൽപനേരം ചുറ്റിക്കറങ്ങി.
ഒരു കടയിൽനിന്ന് താക്കോൽ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് ഓട്ടോയിൽനിന്ന് ഇറങ്ങി ജ്വല്ലറിയിൽ കയറിയത്. മോഷ്ടിക്കാൻ വേണ്ടിയാണ് വന്നതെന്ന് ഓട്ടോ ഡ്രൈവർക്ക് അറിയില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ സി.സി ടി.വി ദൃശ്യം സമീപത്തെ കടയിൽനിന്ന് ലഭിച്ചിട്ടുണ്ട്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്നാണ് പൊലീസ് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.