വീടിന്റെ അടുക്കളവാതിൽ തകർത്ത് മോഷണം; ആറുപവൻ നഷ്ടപ്പെട്ടു, ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ മാല പൊട്ടിക്കാനും ശ്രമം
text_fieldsകോട്ടയം: ഒളശ്ശയിൽ വീടിന്റെ അടുക്കളവാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ച ആറുപവൻ സ്വർണം കവർന്നു. ഉറങ്ങിക്കിടന്ന 13 കാരിയുടെ കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമിച്ചു. പെൺകുട്ടി ഉണർന്ന് ബഹളംവെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. മോഷ്ടാവെന്നുകരുതുന്നയാൾ പൊലീസിനു മുന്നിൽപെട്ടെങ്കിലും പിടികൂടാനായില്ല. കെ.എസ്.ഇ.ബി ജീവനക്കാരനായ ഒളശ്ശ പള്ളിക്കവല അലക്കടവ് തോണിക്കടവിൽ പ്രശോഭ് ദേവസ്യയുടെ വീട്ടിലാണ് ഞായറാഴ്ച പുലർച്ച രണ്ടരയോടെ മോഷണം നടന്നത്.
അടുക്കളയുടെ പഴയ വാതിലിന് ബലക്കുറവുണ്ടായിരുന്നു. ഇരുപാളികളുള്ള വാതിൽ ആയുധമുപയോഗിച്ച് തിക്കിയതോടെ തകർന്നു. ഇതുവഴി അകത്തുകടന്ന് അലമാരയിൽ തുണികൾക്കിടെ സൂക്ഷിച്ച രണ്ട് കൈച്ചെയിനുകൾ, രണ്ടു മാല, കമ്മലുകൾ എന്നിവ കവർന്നു.
പ്രശോഭിന്റെ അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന മകളുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ മകൾ ഉണർന്നു. കണ്ണുതുറന്നപ്പോൾ ഇരുട്ടിൽ ആരോ നിൽക്കുന്നതായി കണ്ട് ഭയന്നുനിലവിളിച്ചു. ഇതോടെ ഇയാൾ അടുക്കള ഭാഗത്തേക്ക് ഓടി. മകളുടെ നിലവിളികേട്ട് പ്രശോഭ് മുറിയിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. തുടർന്ന് അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് വാതിൽ തകർത്തത് കാണുന്നത്. അകത്തുവന്ന് പരിശോധിച്ചപ്പോൾ സ്വർണം പോയതായും മനസ്സിലായി. ഉടൻ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സംഭവസ്ഥലത്തെത്തുന്നതിനിടെ വീടിനടുത്തുവെച്ച് സംശയാസ്പദമായി ഒരാൾ ബൈക്കിൽ പോകുന്നതുകണ്ടു. നിൽക്കാൻ കൈകാണിച്ചിട്ടും നിർത്താതിരുന്നപ്പോൾ പൊലീസ് പിറകെ പോയി. ഇതിനിടെ ബൈക്ക് തെന്നി ഇയാൾ വീണു. ബൈക്ക് അവിടെയിട്ട് ഇയാൾ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നാട്ടുകാരുമായി ഇവിടെ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പരിശോധനയിൽ പ്രശോഭിന്റെ വീട്ടിൽനിന്നെടുത്ത തുണിസഞ്ചി സ്ഥലത്ത് കണ്ടെത്തി. സഞ്ചിയിൽ അരിവാളും സ്റ്റൗവും ഉണ്ടായിരുന്നു. ഇത് മറ്റെവിടെയോനിന്ന് മോഷ്ടിച്ചതാണെന്നു കരുതുന്നു.
ആസമയം വിനോദയാത്ര കഴിഞ്ഞുവന്നിരുന്ന സംഘം മറ്റൊരു വഴിയിൽ ഇയാളെ കണ്ടതായും പറയുന്നു. പിറകിലെ ഇടവഴിയിലൂടെയാണ് മോഷ്ടാവ് വന്നതെന്നാണ് കരുതുന്നത്. വീട്ടിൽ വളർത്തുനായ് ഉണ്ടായിരുന്നെങ്കിലും കുരച്ചില്ല. നായക്ക് ഭക്ഷണം നൽകുകയോ മയക്കുമരുന്ന് അടിക്കുകയോ ചെയ്തതായാണ് സംശയം.
മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന, കറുത്ത ബനിയനും പാന്റും ധരിച്ചയാളാണ് മോഷ്ടാവ്. വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. അന്വേഷണത്തിൽ മോഷണംപോയ ബൈക്കിലാണ് മോഷ്ടാവ് വന്നതെന്നും ആലുവ സ്റ്റേഷനിൽ ഇതുസംബന്ധിച്ച കേസുണ്ടെന്നും വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.