കാട്ടില്‍ കഴിഞ്ഞ മോഷണക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി
text_fieldsകാഞ്ഞങ്ങാട്: കവര്‍ച്ചക്കേസില്‍ പൊലീസ് തിരയുന്നതിനിടെ കാട്ടില്‍ സുഖജീവിതം നയിക്കുകയായിരുന്ന മോഷണക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. തായന്നൂര്‍ കറുകവളപ്പില്‍ അശ്വതി നിവാസിൽ ടി.വി. പ്രഭാകരന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്തടുക്ക സ്വദേശി മഞ്ജുനാഥനെയാണ് നാട്ടുകാര്‍ കാടുവളഞ്ഞ് പിടികൂടിയത്.
മോഷണക്കേസിലെ ഒന്നാംപ്രതി കാഞ്ഞിരപ്പൊയില്‍ പെരളത്തുവീട്ടില്‍ അശോകന്‍ എന്ന അഭി നാട്ടുകാരെ വെട്ടിച്ച് തന്ത്രപൂര്‍വം രക്ഷപ്പെട്ടിരുന്നു. ഫെബ്രുവരി ഒമ്പതിന് പുലർച്ചയാണ് പ്രഭാകരന്റെ വീട്ടില്‍നിന്ന് മൊബൈലും സ്വർണാഭരണങ്ങളും കവര്‍ച്ച ചെയ്തത്. ഇതിനുപിന്നില്‍ മുന്‍ മോഷണക്കേസിലെ പ്രതിയായ അശോകനാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ രാത്രി നാട്ടുകാര്‍ കാടുവളഞ്ഞത്. കൂട്ടുപ്രതിയാണെന്ന് സംശയിക്കുന്ന മഞ്ജുനാഥനെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു.
പ്രഭാകരന്റെ വീട്ടിലെ കവര്‍ച്ചക്കുശേഷം ഇവര്‍ വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. പോവുന്ന സ്ഥലങ്ങളില്‍നിന്ന് ചെലവിനുള്ള പണം മോഷണത്തിലൂടെയാണ് കണ്ടെത്തിയിരുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് കാഞ്ഞിരപ്പൊയിലിലെ ആളുകളെത്താത്ത കറുകവളപ്പിലെ കാട്ടില്‍ ഒളിച്ചുകഴിഞ്ഞത്. ഇവിടെ കിടക്കാനുള്ള ബെഡ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഇവര്‍ ഒരുക്കിയിരുന്നു. ഇവിടെ ഒളിവില്‍ കഴിയുന്ന സമയത്ത് ചെലവിനായി കറുകവളപ്പിലെ മാധവിയുടെ വീട്ടില്‍നിന്ന് 30,000 രൂപ മോഷ്ടിച്ചിരുന്നു. ഇന്നലെ പുലർച്ച ഇവിടത്തെ മോഹനന്റെ വീട്ടില്‍നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
വയനാട്ടില്‍ ചുറ്റിക്കറങ്ങിയശേഷം ഒരാഴ്ചയായി ഇവര്‍ കാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. കാട്ടില്‍നിന്ന് ഇടക്കിടെ പുകയുയരുന്നത് നാട്ടുകാരില്‍ സംശയമുണ്ടാക്കിയിരുന്നു. സമീപത്തെ വീടുകളില്‍നിന്നും അല്ലറചില്ലറ മോഷണങ്ങളും നടന്നു. കള്ള്, ഇളനീര്‍, മദ്യം തുടങ്ങിയവയും മോഷണം പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.